വിഎഫ്പിസികെ കർഷകച്ചന്തകൾ തുറന്നു
1588483
Monday, September 1, 2025 11:16 PM IST
തൊടുപുഴ: വെജിറ്റബിൾ ആന്‍ഡ് ഫ്രൂട്ട്സ് പ്രമോഷൻ കൗണ്‍സിലിന്റെ നേതൃത്വത്തിൽ ഓണത്തോടനുബന്ധിച്ച് ജില്ലയിൽ ഏഴ് കർഷകച്ചന്തകൾ ആരംഭിച്ചു. തോപ്രാംകുടി, തങ്കമണി, അടിമാലി മച്ചിപ്ലാവ്, വെസ്റ്റ് കോടിക്കുളം, ഉടുന്പന്നൂർ, ആലക്കോട്, മുട്ടം എന്നിവിടങ്ങളിലാണ് ചന്തകൾ ആരംഭിച്ചത്.
സർക്കാരിന്റെ വിപണി ഇടപെടൽ പദ്ധതിയുടെ ഭാഗമായി ആരംഭിച്ച വിപണികൾ നാലു വരെ പ്രവർത്തിക്കും.
സ്വാശ്രയ കർഷക സമിതികളിൽനിന്നു നേരിട്ട് സംഭരിക്കുന്ന ഉത്പന്നങ്ങൾ കൂടാതെ വട്ടവടയിൽനിന്നുള്ള കിഴങ്ങ്, കാബേജ്, കാരറ്റ്, വെളുത്തുള്ളി, ബീറ്റ്റൂട്ട്, ബീൻസ്, മറയൂർ ശർക്കര എന്നിവയും ലഭ്യമാണ്. മറുനാടൻ ഉത്പന്നങ്ങളായ സവാള. തക്കാളി, ചെറിയ ഉള്ളി, മുരിങ്ങക്കായ, മാങ്ങ തുടങ്ങിയല ഹോർട്ടികോർപ്പ് വഴി ലഭ്യമാക്കി.
കർഷകരിൽനിന്ന് അധികവില നൽകി സംഭരിക്കുന്ന നാടൻ ഉത്പന്നങ്ങൾ 30 ശതമാനം വിലക്കുറവിലാണ് പഴങ്ങളും പച്ചക്കറിയും വിൽക്കുന്നതെന്ന് ജില്ലാ മാനേജർ എ. സുൾഫിക്കർ പറഞ്ഞു. ജില്ലാ കൃഷി ഓഫീസ്, വിഎഫ്പിസികെ, ഹോർട്ടികോർപ്പ് എന്നിവയുടെ പ്രതിനിധികളടങ്ങിയ കമ്മിറ്റിയാണ് പൊതു വിപണിയിലെ വില അവലോകനം ചെയ്ത് അതതു ദിവസത്തെ വില നിശ്ചയിക്കുന്നത്.