ഭൂപതിവ് നിയമ ഭേദഗതി അപാകതകൾ പരിഹരിക്കണം: കത്തോലിക്കാ കോൺഗ്രസ്
1588261
Sunday, August 31, 2025 11:53 PM IST
കരിമ്പൻ: ഭൂപതിവ് നിയമഭേദഗതിയിലെ അപാകതകൾ അടിയന്തരമായി പരിഹരിച്ച് മലയോര ജനതയ്ക്ക് അനുകൂലമാക്കുവാൻ നടപടികൾ സ്വീകരിക്കണമെന്ന് കത്തോലിക്കാ കോൺഗ്രസ് ഇടുക്കി രൂപതാ സമിതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.
സർക്കാരിന്റെ വിവിധ വകുപ്പുകളുടെ നിയമമനുസരിച്ച് അപേക്ഷ ഫീസും നികുതിയും അടച്ച് അനുമതിയോടുകൂടി നിർമിച്ച കെട്ടിടങ്ങൾ ഇനിയും അപേക്ഷയും പിഴയും നൽകി ക്രമവത്കരിക്കണം എന്നു പറയുന്നത് അവർ കൈയേറ്റക്കാരാണ് എന്ന് സ്വയം സമ്മതിക്കുന്നതിന് തുല്യമാണ്. ഇത് മലയോര ജനതയുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന നടപടിയാണ്.
തങ്ങളും തങ്ങളുടെ പൂർവികരും കൈയേറ്റം നടത്തിയവരാണെന്നും അതു മാപ്പാക്കി ഞങ്ങളെ സംരക്ഷിക്കണമെന്നും കുടിയേറ്റ ജനതയെക്കൊണ്ട് തത്വത്തിൽ സമ്മതിപ്പിക്കുന്ന ഈ നടപടി ആത്മാഭിമാനമുള്ള ഏതൊരു മലയോര ജനതയ്ക്കും അംഗീകരിക്കാൻ കഴിയാത്തതാണ്.
നിലവിലുള്ള നിർമാണങ്ങൾക്ക് ക്രമവത്കരണ അപേക്ഷയും ഫീസും ഈടാക്കുന്നത് വലിയ ഉദ്യോഗസ്ഥരാജിനും അഴിമതിക്കും സാമ്പത്തിക നഷ്ടത്തിനും ഇടവരുത്തും.
മലയോര മേഖലയിൽ വരുംനാളുകളിലെ നിർമാണ പ്രവർത്തനങ്ങൾക്ക് എങ്ങനെ അനുമതി ലഭിക്കും എന്നതും സർക്കാർ വ്യക്തമാക്കേണ്ടതാണ്. ജില്ലയിൽ അധിവസിക്കുന്ന ആളുകളെ സംബന്ധിച്ച് അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനനുസരിച്ച് അനിവാര്യമായ നിർമാണപ്രവർത്തനങ്ങളും നടത്തേണ്ടതുണ്ട്. സംസ്ഥാനത്തെ മറ്റ് പ്രദേശങ്ങളിലുള്ള ആളുകളെപോലെ വികസനവും പുരോഗതിയും നേടിയെടുക്കുവാൻ അവർക്കും അവകാശം ഉണ്ട്.
ജില്ലയിലെമ്പാടും നിലനിൽക്കുന്ന നിർമാണ നിരോധനത്തിന് ഇനിയും മാറ്റം ഉണ്ടായിട്ടില്ല. ഇത് ജനങ്ങളുടെ പൗരാവകാശത്തിന് മേലുള്ള കടന്നുകയറ്റമാണ്. ക്രമവത്കരണം സാധ്യമാകണമെങ്കിൽ അതിനനുസരിച്ചുള്ള ഒട്ടേറെ നടപടികൾ ഇനിയും പൂർത്തീകരിക്കേണ്ടതുണ്ട്. ക്രമവത്കരണത്തിനും ഭൂമി തരംമാറ്റുന്നതിനും അധികാരികളെ നിശ്ചയിക്കേണ്ടതും ചട്ടങ്ങൾ ഉണ്ടാക്കേണ്ടതുമാണ്. നിയമഭേദഗതിയും ചട്ടനിർമാണവും മലയോരജനതക്കുമേൽ കൂടുതൽ കുരുക്കൾ സൃഷ്ടിക്കുന്ന അവസ്ഥ ഒഴിവാക്കാൻ സംസ്ഥാന സർക്കാരിന് കഴിയും.
ഇക്കാര്യങ്ങളിൽ ആവശ്യമായ നടപടികൾ സർക്കാർ ഭാഗത്തുനിന്ന് ഉണ്ടാവണമെന്ന് കത്തോലിക്കാ കോൺഗ്രസ് ഇടുക്കി രൂപത സമിതി ആവശ്യപ്പെട്ടു. കത്തോലിക്ക കോൺഗ്രസ് രൂപത പ്രസിഡന്റ്് ജോർജ് കോയിക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡയറക്ടർ ഫാ. ഫ്രാൻസിസ് ഇടവക്കണ്ടം, ജനറൽ സെക്രട്ടറി സിജോ ഇലന്തൂർ, ട്രഷറർ ജോസഫ് ചാണ്ടി തേവർപറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.