ഇടുക്കിയിലെ ഭൂപ്രശ്നം: ചട്ടഭേദഗതിയുടെ മറവിൽ ജനങ്ങളെ കൊള്ളയടിക്കാൻ ശ്രമം- സി.പി. മാത്യു
1587990
Sunday, August 31, 2025 3:09 AM IST
തൊടുപുഴ: ജില്ലയിലെ ഭൂ പ്രശ്നങ്ങളുടെ പരിഹാരമല്ല ചട്ടഭേദഗതിയുടെ മറവിൽ ജനങ്ങളെ കൊള്ളയടിക്കാനാണ് സർക്കാർ ലക്ഷമെന്ന് വ്യക്തമായതായി ഡിസിസി പ്രസിഡന്റ് സി.പി. മാത്യു പത്രസമ്മേളനത്തിൽ പറഞ്ഞു.
പാർട്ടി ഫണ്ട് പിരിക്കുന്ന മോഡലിൽ കർഷകരിൽ നിന്ന് ക്രമവത്ക്കരണത്തിന്റെ പേരിൽ കോടികളാണ് സർക്കാർ പിരിച്ചെടുക്കാൻ പോകുന്നത്.
സിപിഎം നിയന്ത്രണത്തിലുള്ള ഉദ്യോഗസ്ഥ വാഴ്ചയാണ് ഇടുക്കിയിലെ ജനങ്ങളെ കാത്തിരിക്കുന്നത്. ഇതാണോ നവകേരളമെന്ന് സിപിഎം വ്യക്തമാക്കണം. തദ്ദേശസ്ഥാപനങ്ങളിൽ നിന്ന് നന്പർ ലഭിച്ച്, കെട്ടിട നികുതിയും ഭൂ നികുതിയുമടച്ച് ഒരു പ്രശ്നങ്ങളുമില്ലാതെ പ്രവർത്തിക്കുന്ന കെട്ടിടങ്ങളും വീടുകളും നിയമവിരുദ്ധമാക്കി ഇവ ക്രമവത്ക്കരിക്കാൻ ജനങ്ങളുടെമേൽ അധികഭാരം അടിച്ചേൽപ്പിക്കുകയാണ് സർക്കാർ ചെയ്തത്.
നിലവിൽ ജനങ്ങളെ ബാധിക്കുന്ന നിർമാണനിരോധനം, സിഎച്ച്ആറിലെ പ്രശ്നങ്ങൾ, വിവിധ വില്ലേജുകളിൽ പട്ടയവിതരണത്തിനുള്ള തടസങ്ങൾ, പഴയ റിസർവ് വനങ്ങളുടെ വിഞ്ജാപനത്തിൽ ഉൾപ്പെട്ടതിന്റെ പേരിൽ പട്ടയ കൈവശഭൂമിയിൽ വനം വകുപ്പ് അവകാശം സ്ഥാപിക്കുന്നതുൾപ്പടെയുള്ള വിഷയങ്ങളും പരിഹരിക്കാൻ ഒരു നടപടിയും ഉണ്ടായിട്ടില്ല. ഈ പ്രശ്നങ്ങളെല്ലാം നിലനിൽക്കേയാണ് ആറുപതിറ്റാണ്ടായി ജില്ലയിൽ നിലനിൽക്കുന്ന ഭൂ പ്രശ്നങ്ങളെല്ലാം ശാശ്വതമായി പരിഹരിച്ചുവെന്ന് വ്യാജപ്രചാരണവുമായി മുഖ്യമന്ത്രിയും മന്ത്രി റോഷി അഗസ്റ്റിൻ ഉൾപ്പെടെയുള്ള ഇടതു നേതാക്കളും രംഗത്ത് എത്തിയിരിക്കുന്നതെന്നും ജില്ലയിൽ കർഷകസ്നേഹം പറയുന്ന ഇടതു നേതാക്കൾ കോടതിയിൽ കർഷക താത്പര്യം സംരക്ഷിക്കാൻ നടപടി സ്വീകരിക്കാത്തതാണ് തിരിച്ചടിയായത്.
ജില്ലയിലെ ജനങ്ങളെ ബാധിക്കുന്ന പല വിഷയങ്ങളിലും തങ്ങൾക്കുണ്ടായ വീഴ്ച എംപിയുടെ തലയിൽ കെട്ടിവയ്ക്കാനാണ് എൽഡിഎഫ് ശ്രമിക്കുന്നത്. മുട്ടം നിയോജകമണ്ഡലത്തിലെ കോണ്ഗ്രസിലെ പ്രശ്നങ്ങൾ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.പത്രസമ്മേളനത്തിൽ ഡിസിസി ജനറൽ സെക്രട്ടറിമാരായ ബിജോ മാണി, എൻ.ഐ.ബെന്നി, ഇന്ദു സുധാകരൻ, ചാർളി ആന്റണി, ടി.ജെ. പീറ്റർ, ജോസ് അഗസ്റ്റിൻ എന്നിവർ പങ്കെടുത്തു.