ആര്‍മി റിക്രൂട്ട്മെന്റ്: ടെന്റുകള്‍ ഫീല്‍ഡില്‍നിന്ന് ഒഴിവാക്കി
1588477
Monday, September 1, 2025 11:16 PM IST
നെടുങ്കണ്ടം: നെടുങ്കണ്ടം പഞ്ചായത്ത് സിന്തറ്റിക് ട്രാക് സ്റ്റേഡിയത്തില്‍ നടക്കുന്ന ആര്‍മി റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ടു കായികപ്രേമികൾക്ക് ആശങ്ക.
റിക്രൂട്ട്മെന്റിനായി ടെന്റുകള്‍ സ്ഥാപിക്കുന്നത് സ്റ്റേഡിയത്തിന്റെ നാശത്തിനു കാരണമാകുമെന്നു ചൂണ്ടിക്കാട്ടി നെടുങ്കണ്ടം പഞ്ചായത്ത് അധികൃതരും വിവിധ കായിക സംഘടനകളും ജില്ലാ കളക്ടര്‍ക്കു പരാതി നൽകി. തുടർന്നു കാര്യങ്ങള്‍ വിലയിരുത്താനായി എഡിഎം ഷൈജു പി. ജേക്കബ്, ആര്‍മി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സ്റ്റേഡിയത്തില്‍ സന്ദര്‍ശനം നടത്തി.
റിക്രൂട്ട്മെന്റിനായി ഫീല്‍ഡില്‍ ഇറ്റാലിയന്‍ ടെന്റ് നിര്‍മിക്കാനായിരുന്നു തീരുമാനം. എന്നാല്‍, ഇതിനായി ഫീല്‍ഡ് കുഴിക്കുമ്പോള്‍ വൈദ്യുതി, ഡ്രെയിനേജ്, കേബിളുകള്‍ തുടങ്ങിയവ നശിക്കാന്‍ സാധ്യതയുണ്ട്. ഇതു ചൂണ്ടിക്കാട്ടിയാണ് കായിക പ്രേമികള്‍ പരാതി നല്‍കിയത്.
ഉദ്യോഗസ്ഥരുടെ സന്ദര്‍ശനത്തിനു ശേഷം ചേര്‍ന്ന അവലോകന യോഗത്തില്‍ ഫീല്‍ഡില്‍ ടെന്റുകള്‍ സ്ഥാപിക്കുന്നത് ഒഴിവാക്കി. പകരം ട്രാക്കിനു വെളിയിലും സ്റ്റേഡിയത്തിലെ മറ്റ് സ്ഥലങ്ങളിലുമായി ടെന്റുകള്‍ നിര്‍മിക്കാന്‍ തീരുമാനിച്ചു.
പ്രതീക്ഷിക്കുന്നത് അയ്യായിരം പേരെ
നെടുങ്കണ്ടം: 10 മുതല്‍ 16 വരെ നെടുങ്കണ്ടം പഞ്ചായത്ത് ഹൈ ആള്‍ട്ടിറ്റ്യൂഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ആര്‍മി റിക്രൂട്ട്മെന്റ് റാലിയിൽ ഏഴു ജില്ലകളിൽനിന്നായി അയ്യായിരത്തോളം പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. ഒരുക്കങ്ങള്‍ വിലയിരുത്താനായി എഡിഎമ്മിന്റെയും ആര്‍മി ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ നെടുങ്കണ്ടത്തു സന്ദര്‍ശനം നടത്തി. തഹസില്‍ദാരുടെ ചേംബറില്‍ നടന്ന അവലോകന യോഗത്തില്‍ പൊതുമരാമത്ത്, വൈദ്യുതി, ആരോഗ്യം, വാട്ടര്‍ അഥോറിറ്റി, പോലീസ്, ഫയര്‍ ഫോഴ്സ്, കെഎസ്ആര്‍ടിസി, വിദ്യാഭ്യാസം, പഞ്ചായത്ത് തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴ് ജില്ലകളിലെ ഉദ്യോഗാര്‍ഥികള്‍ക്കായാണ് റിക്രൂട്ട്മെന്റിന്റെ റാലി. 120 ആര്‍മി ഉദ്യോഗസ്ഥര്‍ നേതൃത്വം നല്‍കും. റാലിക്കെത്തുന്ന ഉദ്യോഗാര്‍ഥികള്‍ക്കായി കെഎസ്ആര്‍ടിസി അധിക സര്‍വീസുകളും നടത്തും.