നിർമാണം നടത്തി ആറുമാസം: പൈപ്പ് പൊട്ടി റോഡ് തകർന്നു
1588760
Tuesday, September 2, 2025 11:23 PM IST
തൊടുപുഴ: ആധുനിക നിലവാരത്തിൽ ടാറിംഗ് നടത്തിയ കാരിക്കോട്- തെക്കുംഭാഗം റോഡ് നിർമാണം പൂർത്തിയായി ആറ് മാസം തികയും മുൻപേ തകർന്നു. വഴിനീളെ പൈപ്പുകൾ പൊട്ടിയാണ് റോഡ് തകർന്നത്.
ഇന്നലെ രാവിലെ കല്ലാനിക്കൽ ഹൈസ്കൂൾ ജംഗ്ഷനു സമീപം പൈപ്പ് പൊട്ടിയതിനെത്തുടർന്ന് റോഡിന്റെ പകുതി ഭാഗവും തകർന്ന നിലയിലാണ്. ഈ ഭാഗത്തെ ടാറിംഗും മെറ്റലും മണ്ണുമെല്ലാം ഒലിച്ചുപോയി.
ഒരു മാസം മുൻപാണ് ഇതിന് ഏതാനും മീറ്റർ അകലെ ഓറഞ്ച് വില്ലയ്ക്ക് സമീപം മഞ്ഞമാക്കൽ വളവിൽ പൈപ്പ് പൊട്ടി റോഡ് തകർന്നത്. ഈ ഭാഗത്തെ പൈപ്പ് അറ്റകുറ്റപ്പണി നടത്തിയെങ്കിലും തകർന്ന ഭാഗത്തെ റോഡ് ഇപ്പോഴും കുഴിയായിത്തന്നെ കിടക്കുന്നു.
വളവിനു സമീപം കുഴിയുള്ളത് വാഹന യാത്രക്കാർക്ക് അപകട ഭീഷണിയാണ്. ഇന്നലെ പൈപ്പ് പൊട്ടിയ ഭാഗത്ത് ജല അഥോറിറ്റി ജീവനക്കാർ അറ്റകുറ്റപ്പണി നടത്തിയെങ്കിവും തകർന്ന റോഡ് ആരു നന്നാക്കുമെന്ന ചോദ്യമാണ് ഉയരുന്നത്. പൈപ്പ് പൊട്ടി തകരുന്ന റോഡ് നന്നാക്കേണ്ട ചുമതല ജല അഥോറിറ്റിക്കാണെന്നാണ് പൊതുമരാമത്ത് അധികൃതർ പറയുന്നത്. എന്നാൽ ഇവരാകട്ടെ റോഡിലെ തകരാർ പരിഹരിക്കാൻ യാതൊരു നടപടിയും സ്വീകരിക്കാറില്ല.
റോഡിന്റെ ഉടമസ്ഥാവകാശം പേറുന്ന പൊതുമരാമത്ത് അധികൃതരാകട്ടെ പൊട്ടിയ പൈപ്പ് ഭാഗം നന്നാക്കിയോ എന്നു പോലും അന്വേഷിക്കാൻ മെനക്കെടാറില്ല.
റോഡ് ആധുനിക നിലവാരത്തിൽ നന്നാക്കുമെങ്കിലും ഇതിനടിയിലൂടെ നേരത്തേ സ്ഥാപിച്ചിട്ടുള്ള പൈപ്പുകൾ പൊട്ടുന്നത് പതിവായിരിക്കുകയാണ്. വർഷങ്ങൾക്ക് മുൻപ് സ്ഥാപിച്ച നിലവാരം കുറഞ്ഞ പൈപ്പുകളാണ് പലഭാഗത്തും റോഡിന്റെ അടിയിൽ കിടക്കുന്നതെന്നാണ് നാട്ടുകാരുടെ ആക്ഷേപം.