കുടുംബശ്രീ ജില്ലാതല ഓണം വിപണനമേള
1588260
Sunday, August 31, 2025 11:53 PM IST
തൊടുപുഴ: കുടുംബശ്രീ ജില്ലാതല ഓണം വിപണനമേളയ്ക്ക് ചെറുതോണിയിൽ തുടക്കമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാകുന്നേൽ ഉദ്ഘാടനം ചെയ്തു. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോളി സുനിൽ അധ്യക്ഷത വഹിച്ചു. സംരംഭക സ്റ്റാളുകളുടെ ഉദ്ഘാടനം വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോർജ് പോൾ നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ജേക്കബ് ആദ്യവിൽപ്പന നിർവഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗം ഡിറ്റാജ് ജോസഫ്, പഞ്ചായത്തംഗങ്ങളായ നിമ്മി ജയൻ, പ്രഭ തങ്കച്ചൻ, ടി.ഇ. നൗഷാദ്, കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ജി. ഷിബു എന്നിവർ പ്രസംഗിച്ചു.
നാലു വരെയാണ് കുടുംബശ്രീയുടെ നേതൃത്വത്തിൽ ചെറുതോണിയിൽ ഓണം പ്രദർശന വിപണനമേള നടക്കുന്നത്. കുടുംബശ്രീ സംരംഭകരുടെ മായമില്ലാത്ത ഉത്പന്നങ്ങൾ, പച്ചക്കറികൾ, പായസം, ട്രൈബൽ ഉത്പന്നങ്ങൾ, ഫുഡ് സ്റ്റാൾ തുടങ്ങിയവ മേളയിൽ ഒരുക്കിയിട്ടുണ്ട്.
കുടുംബശ്രീ കർഷക സംഘങ്ങൾ ഉത്പാദിപ്പിക്കുന്ന കാർഷികോത്പന്നങ്ങളും സൂക്ഷ്മ സംരംഭകർ തയാറാക്കുന്ന ഭക്ഷ്യ, ഭക്ഷ്യേതര ഉത്പന്നങ്ങളും വിപണിയിലുണ്ട്. കാർഷികപദ്ധതി നിറപ്പൊലിമയുടെ ഭാഗമായി വിളവെടുക്കുന്ന പൂക്കളും വിപണിയിലെത്തിക്കുന്നുണ്ട്. ഉപ്പേരി, വിവിധതരം പായസങ്ങൾ,അച്ചാറുകൾ, ശർക്കരവരട്ടി, പച്ചക്കറികൾ, വസ്ത്രങ്ങൾ, കരകൗശല വസ്തുക്കൾ തുടങ്ങി ഓണത്തിനാവശ്യമായ എല്ലാം ഒരു കുടക്കീഴിൽ ലഭ്യമാക്കിയിരിക്കുകയാണ് കുടുംബശ്രീ സംരംഭകർ.
ഓണസദ്യയും റെഡി
ഇത്തവണ ഓണസദ്യയുടെ വിപണനവും കുടുംബശ്രീയുടെ നേതൃത്വത്തിൽ ജില്ലയിൽ പുരോഗമിക്കുകയാണ്. ബ്ലോക്കുകളിൽ ഒരുക്കിയിരിക്കുന്ന കോൾ സെന്റർ മുഖേനയാണ് ഓണസദ്യയുടെ ബുക്കിംഗ്. രണ്ടിനം പായസം ഉൾപ്പെടെ ഇരുപതിലേറെ വിഭവങ്ങളടങ്ങുന്നതാണ് കുടുംബശ്രീ സംരംഭകർ ഒരുക്കുന്ന ഓണസദ്യ.
സർക്കാർ, അർധസർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ, ബാങ്കുകൾ, സ്കൂളുകൾ, മാധ്യമ സ്ഥാപനങ്ങൾ, റെസിഡന്റ്സ് അസോസിയേഷനുകൾ, വീടുകൾ എന്നിവിടങ്ങളിൽ നിന്ന് ഓർഡറുകൾ സ്വീകരിക്കുന്നുണ്ട്.