വർണം വിരിയിച്ച് തൊടുപുഴയിൽ ഓണോത്സവ് നാളെ മുതൽ
1587995
Sunday, August 31, 2025 3:09 AM IST
തൊടുപുഴ: മർച്ചന്റ്സ് അസോസിയേഷൻ, നഗരസഭ, ജില്ലാ ടൂറിസം പ്രമോഷൻ കൗണ്സിൽ എന്നിവർ സംയുക്തമായി വിപുലമായ രീതിയിൽ ഓണാഘോഷം സംഘടിപ്പിക്കുമെന്ന് അധികൃതർ പത്രസമ്മേളനത്തിൽ അറിയിച്ചു. നാളെ വൈകുന്നേരം അഞ്ചിന് വിളംബരജാഥയോടെ ആരംഭിക്കും.
മർച്ചന്റ്സ് യൂത്ത് വിംഗിന്റെ ആഭിമുഖ്യത്തിൽ നൂറിൽപരം ഇരുചക്രവാഹനങ്ങൾ വിളംബരജാഥയിൽ അണിനിരക്കും. മൂന്നിന് കുട്ടികൾക്കുള്ള ചിത്രരചനാ മൽസരം മർച്ചന്റ്സ് ട്രസ്റ്റ്ഹാൾ ഓഡിറ്റോറിയത്തിൽ രാവിലെ 9.30മുതൽ നടക്കും. എൽപി, യുപി, എച്ച്എസ് തിരിച്ചാണ് മൽസരം. ഇതോടൊപ്പം ചെസ് മൽസരവും നടക്കും. മൂന്നിന് വ്യാപാരസ്ഥാപനങ്ങൾ, ബാങ്കുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവരെ പങ്കെടുപ്പിച്ച് ഓണപ്പൂക്കള മൽസരം നടത്തും.
ഒന്പതിന് ഉച്ചകഴിഞ്ഞ് മൂന്നിന് പ്രൈവറ്റ് ബസ് സ്റ്റാന്റ് പരിസരത്തുനിന്നും ആരംഭിക്കുന്ന സാംസ്കാരിക ഘോഷയാത്ര മങ്ങാട്ടുകവലയിൽ സമാപിക്കും. വാദ്യമേളങ്ങളും നിശ്ചല ദൃശ്യങ്ങളും ഘോഷയാത്രയ്ക്ക് കൊഴുപ്പേകും. റസിഡന്റ്സ് അസോസിയേഷൻ, കുടുംബശ്രീ, നഗരസഭ സിഡിഎസ്, മർച്ചന്റ്സ് യൂത്ത് വിംഗ്, മർച്ചന്റ്സ് വനിതാവിംഗ് തുടങ്ങിയവർ അണിചേരും.
ഘോഷയാത്രയെ തുടർന്നു ഒൗസേപ്പ് ജോണ് പുളിമൂട്ടിൽ മെമ്മോറിയൽ എവറോളിംഗ് ട്രോഫിക്കായുള്ള അഖില കേരള വടംവലി മൽസരം നടക്കും. പത്തിന് ജില്ലയിലെ ഓണംടൂറിസം വാരാഘോഷത്തിന്റെ സമാപനം നടക്കും. മന്ത്രി റോഷി അഗസ്റ്റിൻ, ഡീൻ കുര്യാക്കോസ് എംപി, എംഎൽഎമാരായ പി.ജെ. ജോസഫ്, എം.എം. മണി, എ. രാജ, ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, നഗരസഭ ചെയർമാൻ കെ. ദീപക്, കെവിവിഇഎസ് ജില്ലാ പ്രസിഡന്റ് സണ്ണി പൈന്പിള്ളിൽ, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിൽ, ഡിടിപിസി സെക്രട്ടറി ജിതേഷ് ജോസ തുടങ്ങിയവർ പ്രസംഗിക്കും. വൈകുന്നേരം ആറിന് ആലപ്പുഴ ബ്ലൂഡയമണ്ട്സിന്റെ ഗാനമേളയോടെ ഓണാഘോഷം സമാപിക്കും.
വാരാഘോഷത്തിന്റെ ഭാഗമായി വ്യാപാരസ്ഥാപനങ്ങൾ ദീപാലംകൃതമാക്കും. പത്രസമ്മേളനത്തിൽ നഗരസഭ ചെയർമാൻ കെ. ദീപക്ക്, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിൽ, ജനറൽ സെക്രട്ടറി സി.കെ.നവാസ്, നഗരസഭ കൗണ്സിലർ പി.ജി. രാജശേഖരൻ, ട്രഷറർ അനിൽ പീടികപറന്പിൽ, വർക്കിംഗ് പ്രസിഡന്റ് സാലി എസ്.മുഹമ്മദ്, വൈസ് പ്രസിഡന്റുമാരായ ഷെരീഫ് സർഗം, കെ.പി.ശിവദാസ് തുടങ്ങിയവർ പങ്കെടുത്തു.
പഴയവിടുതിയിൽ മാവേലി എഴുന്നള്ളത്ത്
രാജാക്കാട്: പഴയകാല ഓണാഘോഷങ്ങൾ പുതിയ തലമുറയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ പഴയവിടുതി ഗ്രാമീണ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ നടത്തുന്ന ഓണാഘോഷ പരിപാടികളുടെ ഭാഗമായി സെപ്റ്റംബർ രണ്ടിനും മൂന്നിനും മാവേലി എഴുന്നുള്ളത്തും വീട്ടുമുറ്റത്തെ പൂക്കള സന്ദർശനവും വിവിധ മത്സരങ്ങളും കലാപരിപാടികളും നടത്തും.
രണ്ടിന് രാവിലെ 10 ന് രാജാക്കാട് ബസ് സ്റ്റാൻഡിൽ നിന്നാരംഭിക്കുന്ന മാവേലി എഴുന്നള്ളത്ത് പഞ്ചായത്ത് പ്രസിഡന്റ് നിഷ രതീഷ് ഉദ്ഘാടനം ചെയ്യും. മാവേലിയുടെ കിരീടധാരണം മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് വി.എസ്. ബിജു നിർവഹിക്കും. ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി ജോസ് കൊച്ചറ ഫ്ലാഗ് ഓഫ് ചെയ്യും. രാജാക്കാട് മതസൗഹാർദ കൂട്ടായ്മ കൺവീനർ ഫാ. മാത്യു കരോട്ട് കൊച്ചറയ്ക്കൽ ആശീർവാദം നടത്തും.
മാവേലി എഴുന്നള്ളത്ത് ഘോഷയാത്ര രാജാക്കാട് ടൗൺ ചുറ്റി പഴയവിടുതിയുടെ വിവിധ മേഖലകളിലുള്ള വീട്ടുമുറ്റത്തെ പൂക്കളം സന്ദർശിച്ച് ഗ്രന്ഥശാലാ അങ്കണത്തിൽ സമാപിക്കും. വൈകുന്നേരം ആറിന് തിരുവോണ സന്ദേശസമ്മേളനവും പ്രാദേശിക കലാകാരന്മാരുടെ ജനകീയ ഗാനമേളയും നടക്കും.
സമ്മേളനം ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്യും. എം.എം. മണി എംഎൽഎ തിരുവോണസന്ദേശം നൽകും. ചെയർമാൻ കെ. ജീവൻകുമാർ അധ്യക്ഷത വഹിക്കും. കൺവീനർ മിനി ബേബി, ജനപ്രതിനിധികളായ ഉഷ മോഹൻകുമാർ, കെ.ടി. കുഞ്ഞ്, കിങ്ങിണി രാജേന്ദ്രൻ, വിൻസു തോമസ്, പ്രിൻസ് തോമസ്, സജിമോൻ കോട്ടയ്ക്കൽ, ജെ. പ്രദീപ്, പ്രിൻസ് മാത്യു, ഒ.ഡി. മനോജ് എന്നിവർ പ്രസംഗിക്കും.
മൂന്നിന് രാവിലെ 10 മുതൽ വായനശാലാ അങ്കണത്തിൽ കുട്ടികളുടെ വിവിധ കലാപരിപാടികളും ഉച്ചകഴിഞ്ഞ് മൂന്നു മുതൽ വനിതകളുടെ വടംവലി മത്സരവും നടക്കും. രാജാക്കാട് മതസൗഹാർദ കൂട്ടായ്മാ ചെയർമാൻ എം.ബി. ശ്രീകുമാർ സമ്മാനദാനം നിർവഹിക്കും.തുടർന്ന് മൂന്നുപറ നെല്ലും നിലവിളക്കും ജനകീയ ലേലവും, പായസ സദ്യയും നടക്കും.