ലീഗൽ മെട്രോളജി വകുപ്പിന്റെ ഓണക്കാല പരിശോധന
1587987
Sunday, August 31, 2025 3:09 AM IST
തൊടുപുഴ: ഓണത്തോടനുബന്ധിച്ച് ഉപഭോക്തൃ സംരക്ഷണം ഉറപ്പുവരുത്തുന്നതിനും പൊതുവിപണിയിലെ ക്രമക്കേടുകൾ തടയുന്നതിനുമായി ലീഗൽ മെട്രോളജി വകുപ്പ് പരിശോധനകൾ ശക്തമാക്കി. ജില്ലയിലെ ഡെപ്യൂട്ടി കണ്ട്രോളർമാരുടെ നേതൃത്വത്തിൽ എല്ലാ താലൂക്കുകളിലും പരിശോധന നടത്തിവരികയാണ്.
അളവിലും തൂക്കത്തിലും കുറവ് വരുത്തി വില്പന നടത്തുക, പരമാവധി വിൽപന വിലയേക്കാൾ കൂടിയ വില ഈടാക്കുക, വില മായ്ക്കുക, തിരുത്തുക, മുദ്രപതിപ്പിക്കാത്ത അളവുതൂക്ക ഉപകരണങ്ങൾ ഉപയോഗിക്കുക, പാക്കേജ്ഡ് കമ്മോഡിറ്റീസ് നിയമപ്രകാരമുള്ള പ്രഖ്യാപനങ്ങളില്ലാത്ത പായ്ക്കറ്റുകൾ വില്പന നടത്തുക തുടങ്ങിയ ക്രമക്കേടുകൾക്കെതിരേ കർശന നടപടി സ്വീകരിക്കും.
അളവ് തൂക്ക ഉപകരണങ്ങൾ ഉപഭോക്താവിന് കാണത്തക്കവിധം പ്രവർത്തിപ്പിക്കണം. അളവു തൂക്ക ഉപകരണങ്ങൾ പരിശോധിച്ച് മുദ്ര ചെയ്തത്തിന്റെ സർട്ടിഫിക്കറ്റ് വ്യക്തമായി കാണത്തക്ക വിധം വ്യാപാര സ്ഥാപനത്തിൽ പ്രദർശിപ്പിക്കണം. ഇന്ധനവിതരണ പന്പുകളിലെ അളവ് സംബന്ധിച്ചും പരിശോധനകൾ നടത്തും. വിതരണം നടത്തുന്ന ഇന്ധനത്തിന്റെ അളവ് സംബന്ധിച്ച് സംശയം തോന്നുന്ന പക്ഷം പന്പുകളിൽ സൂക്ഷിച്ചിരിക്കുന്ന ലീഗൽ മെട്രോളജി വകുപ്പ് മുദ്ര ചെയ്ത അഞ്ച് ലിറ്റർ അളവ് പാത്രം ഉപയോഗിച്ച് അളവ് ബോധ്യപ്പെടുത്താൻ ഉപഭോക്താവിന് ആവശ്യപ്പെടാം.
ഉപഭോക്താക്കൾക്ക് പരാതി അറിയിക്കുന്നതിനായി കണ്ട്രോൾ റൂമിലോ ജില്ലാ, താലൂക്ക് ലീഗൽ മെട്രോളജി ഓഫീസുകളിലെ ഹെൽപ് ഡെസ്കിലോ ബന്ധപ്പെടാം. സുതാര്യം മൊബൈൽ ആപ്പ് മുഖേനയും പരാതി അറിയിക്കാം. ഹെൽപ്പ് ഡെസ്ക്:
ഡെപ്യൂട്ടി കണ്ട്രോളർ ഓഫീസ് തൊടുപുഴ കണ്ട്രോൾ റൂം -04862 222638.