പള്ളികളിൽ എട്ടുനോന്പാചരണത്തിനു കൊടിയേറി
1588253
Sunday, August 31, 2025 11:53 PM IST
മാങ്കുളത്ത് മാർ ജോൺ നെല്ലിക്കുന്നേൽ
അടിമാലി: മാങ്കുളം സെന്റ് മേരീസ് ഫൊറോന തീര്‍ഥാടന ദൈവാലയത്തില്‍ പരിശുദ്ധ കന്യകമറിയത്തിന്റെ ജനനത്തിരുനാളിന് ഇടുക്കി ബിഷപ് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ കൊടിയേറ്റി. തുടർന്ന് ആഘോഷമായ പൊന്തിഫിക്കൽ കുർബാന നടന്നു. ഹൈറേഞ്ച് മേഖലയിൽ പരിസ്ഥിതി സംഘടനകൾ പിടിമുറുക്കുകയാണ്. കർഷകരെ മലയോര മേഖലയിൽനിന്നു കുടിയിറക്കുന്നതിനുള്ള ശ്രമമാണ് നടത്തുന്നതെന്നും മാർ ജോൺ നെല്ലിക്കുന്നേൽ പറഞ്ഞു.
മാങ്കുളത്തമ്മയുടെ അഭയകേന്ദ്രത്തിലേക്ക് നാലു ദിക്കുകളിൽനിന്നും ആളുകൾ എത്തുന്നുണ്ടെങ്കിൽ അതിനു കാരണം പരിശുദ്ധ അമ്മയുടെ സംരക്ഷണവും മാതൃസ്നേഹവും തുളുമ്പുന്ന കരുതലുമാണ്. അതിനാൽ എല്ലാവരും അമ്മയാകുന്ന അഭയകേന്ദ്രത്തെ മുറുകെപ്പിടിച്ച്, അമ്മയുടെ ജീവിതം നമ്മളിൽ പ്രാവർത്തികമാക്കുമ്പോഴാണ് നമ്മുടെ ജീവിതം ധന്യമാകുന്നതെന്ന് പിതാവ് വചനസന്ദേശത്തിൽ പറഞ്ഞു.
ഇന്നുമുതൽ നാലുവരെ മരിയന്‍ ധ്യാനം നടക്കും. എല്ലാ ദിവസവും വൈകുന്നേരം ആഘോഷമായ വിശുദ്ധ കുര്‍ബാനയും ജപമാല പ്രദക്ഷിണവും നേര്‍ച്ചയും ഉണ്ടായിരിക്കും.
ഏഴിന് ഉച്ചയ്ക്ക് രണ്ടിന് മരിയന്‍ റാലി. അടിമാലി സെന്റ്് ജൂഡ് ഫൊറോന പള്ളിയില്‍നിന്ന് അടിമാലി, കൂമ്പന്‍പാറ, മാങ്കുളം ഫൊറോനകളിലെ യുവജനങ്ങളുടെ നേതൃത്വത്തിലാണ് റാലി. വൈകുന്നേരം ആഘോഷമായ പാട്ടുകുര്‍ബാനയ്ക്ക് ശേഷം തിരി പ്രദക്ഷിണം നടക്കും.
ജനനത്തിരുന്നാളിന്റെ ഭാഗമായി എട്ടിനു ജപമാല, നൊവേന, വിശുദ്ധ കുര്‍ബാന എന്നിവക്ക് ശേഷം മേരി നാമധാരികളുടെ സംഗമവും സമര്പ്പര്ണവും നടക്കും.
തിരുനാള്‍ പാട്ട് കുര്‍ബാനയ്ക്ക് കോതമംഗലം രൂപത മാതൃവേദി ഡയറക്ടര്‍ ഫാ. ആന്റണി പുത്തന്‍കുളം കാര്‍മികത്വം വഹിക്കും. റവ. ഡോ. ബെന്നോ പുതിയാപറമ്പില്‍ വചനസന്ദേശം നല്‍കും.
തുടര്‍ന്ന് ജപമാല പ്രദക്ഷിണവും ഊട്ടുനേര്‍ച്ചയും നടക്കും. 15ന് പള്ളിയില്‍ എട്ടാമിടം. വികാരി ഫാ. ജോര്‍ജ് കൊല്ലംപറമ്പില്‍, അസി. വികാരി ഫാ. അമല്‍ ഞാവള്ളിക്കുന്നേല്‍ തുടങ്ങിയവർ നേതൃത്വം നൽകും.