മോഷണം നടത്തിയ ആൾ പിടിയിൽ
1588759
Tuesday, September 2, 2025 11:23 PM IST
മൂന്നാർ: മൂന്നാർ പള്ളിവാസൽ റിസോർട്ടു മുറിയിൽ മോഷണം നടത്തി മുങ്ങിയ പ്രതിയെ പൊലീസ് തമിഴ്നാട്ടിൽനിന്ന് അറസ്റ്റു ചെയ്തു. രാജസ്ഥാൻ കോട്ട ജില്ലയിൽ വിജയനഗറിൽ അജയ് രവീന്ദ്രനാണ് പിടിയിലായത്. മൊബൈൽ ഫോണും സിസിടിവി യും കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്.
തമിഴ്നാട് തിരുനെൽവേലിയിൽ നിന്നുമാണ് മൂന്നാർ പൊലീസ് പ്രതിയായ രാജസ്ഥാൻ സ്വദേശിയെ അറസ്റ്റു ചെയ്തത്. വെള്ളിയാഴ്ച്ച രാവിലെയാണ് പള്ളിവാസൽ മൂലക്കടയിലുളള റിസോർട്ടിൽ താമസിച്ചിരുന്ന ഡിണ്ടുക്കൽ സ്വദേശി ജാഫർ സാദിഖിന്റെ മുറിയിൽ സൂക്ഷിച്ചിരുന്ന ലാപ്ടോപ്, ഐഫോണ്‍, എടിഎം കാർഡുകൾ, വില കൂടിയ വാച്ച് എന്നിവ മോഷണം പോയത്.
പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്. പ്രതി എടിഎം കാർഡുകൾ ഉപയോഗിച്ച് 1.81 ലക്ഷം രൂപയും പിൻവലിച്ചിരുന്നു. ആറു ലക്ഷം രൂപയുടെ നഷ്ടമാണ് ജാഫർ സാദിഖിനുണ്ടായത്.
മൂന്നാർ എസ്എച്ച്ഒ ബിനോദ് കുമാർ, പ്രിൻസിപ്പൽ എസ്ഐ കെ.പി. അനിൽകുമാർ, എസ്ഐ പങ്കജ് കൃഷ്ണ, എസ്സിപിഒമാരായ എം. മണികണ്ഠൻ, ഹിലാൽ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ തമിഴ്നാട്ടിൽനിന്നു പിടികൂടിയത്. പ്രതി മോഷ്ടിച്ച തുക ക്രിപ്സോ കറൻസിയിൽ നിക്ഷേപിച്ചതായാണ് വിവരം