ആനച്ചാൽ കൊലപാതകം: പ്രതിക്ക് ജീവപര്യന്തം
1587993
Sunday, August 31, 2025 3:09 AM IST
മുട്ടം: ആനച്ചാൽ ഈട്ടിസിറ്റി വലിയപറന്പിൽ മുഹമ്മദ് കനിയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ആനച്ചാൽ കുറ്റിവേലിൽ സുനിലിന് ജീവപര്യന്തം തടവ് വിധിച്ചു. തൊടുപുഴ അഡീഷണൽ ജില്ലാ ജഡ്ജി ലൈജമോൾ ഷെരീഫാണ് ശിക്ഷിച്ചത്.
2012 ഏപ്രിൽ എട്ടിനാണ് കേസിനാസ്പദമായ സംഭവം. സുനിലുമായി പിണങ്ങിക്കഴിഞ്ഞിരുന്ന ഭാര്യ ഗീതയ്ക്ക് മുഹമ്മദ് കനിയുമായി അടുപ്പമുണ്ടായിരുന്നു. ഇതിൽ പ്രകോപിതനായ സുനിൽ സംഭവദിവസം രാത്രി 7.30 ഓടെ ഗീതയുടെ വീട്ടിലെത്തിയ മുഹമ്മദ് കനിയെ പിടികൂടി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
സുനിൽ കനിയെ പിടിച്ചു കൊണ്ടു പോകുന്നതു കണ്ടെന്ന ഗീതയുടെയും മകളുടെയും മൊഴികളും, സുനിൽ കൃത്യത്തിന് ഉപയോഗിച്ച കത്തി മകൾ തിരിച്ചറിഞ്ഞതുമാണ് കേസിൽ നിർണായകമായത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പഞ്ചായത്ത് മെംബർ അടക്കമുള്ള സമീപവാസികൾ കൂറുമാറിയതും അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന ആർ. പ്രദീപ്, എ.ഇ. കുര്യൻ എന്നിവരുടെ മരണവും പ്രോസിക്യൂഷന് തലവേദന സൃഷ്ടിച്ചിരുന്നു. അടിമാലി സിഐ ആയിരുന്ന കെ. ജിനദേവനാണ് കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പ്രോസിക്യൂട്ടർ വി.എസ്. അഭിലാഷ് ഹാജരായി.