ഓണത്തിനു നാലുനാൾ, നാടെങ്ങും ആവേശപ്പൂരം
1588487
Monday, September 1, 2025 11:16 PM IST
തൊടുപുഴ: ഓണത്തോടനുബന്ധിച്ച് നാടെങ്ങും ഉയരുന്നത് ആഘോഷങ്ങളുടെ മേളം. കലാലയങ്ങളിലെ ഓണാഘോഷങ്ങൾ അവസാനിച്ചതിനു പിന്നാലെയാണ് തദ്ദേശ സ്ഥാപനങ്ങൾ, ക്ലബുകൾ, പൗരസമിതികൾ, റെസിഡന്റ്സ് അസോസിയേഷൻ, മർച്ചന്റ്സ് അസോയേഷൻ തുടങ്ങി വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഓണാഘോഷം തകൃതിയായത്. വർണാഭമായ ഘോഷയാത്രയും സാംസ്കാരിക ഘോഷയാത്രയും ഉണ്ടെങ്കിലും വിവിധ മത്സരങ്ങളാണ് ഓണാഘോഷത്തിന്റെ മുഖ്യ ആകർഷണം.
മുൻകാലങ്ങലിൽ ഉണ്ടായിരുന്ന ഓണക്കളികളിൽ പലതും അന്യംനിന്നു കഴിഞ്ഞു. തലപ്പന്തുകളി, കിളിത്തട്ടുകളി, പുലികളി, കൈകൊട്ടിക്കളി, ഉറിയടി, തുന്പിതുള്ളൽ, കുട്ടിയും കോലും എന്നിവയൊക്കെയായിരുന്നു പ്രധാന ഓണക്കളികൾ. ഇതിനു പുറമേ തിരുവാതിരക്കളിയും പകിട കളിയും സംഘടിപ്പിച്ചിരുന്നു.
ഇതിൽ പല കളികളും ഇപ്പോൾ പുത്തൻ തലമുറയ്ക്ക് പരിചിതമല്ല. ചിലയിടങ്ങളിൽ തലപ്പന്തുകളി നിലവിലുണ്ടെങ്കിലും ജില്ലയിൽ അത്ര പ്രചാരമില്ല.
വടംവലിയാണ് ഇപ്പോൾ ഓണക്കാലത്തെ പ്രധാന കായികവിനോദം. ചെറുതും വലുതുമായ വടം വലി മത്സരങ്ങൾ എല്ലാ ഓണാഘോഷങ്ങളിലും ഉണ്ടാകും. വൻകിട ടീമുകൾ മാറ്റുരയ്ക്കുന്നതും വലിയ തുക സമ്മാനമായി ലഭിക്കുന്ന മത്സരങ്ങൾക്കു പുറമേ ഓണത്തിന്റെ ആവേശം കൂട്ടാൻ സംഘടിപ്പിക്കുന്ന വടം വലി മത്സരം വരെയുണ്ട്. സമ്മാനത്തിനും ഉണ്ടാകും പ്രത്യേകത.
കാഷ് അവാർഡിനു പുറമേ മുട്ടനാടും കോഴിയും പഴക്കുലയുമൊക്കെയാണ് സമ്മാനമായി നൽകുക. എന്തായാലും ഓണാഘാഷത്തിൽ ഒഴിച്ചുനിർത്താൻ കഴിയാത്ത വിനോദമാണ് വടംവലി. പൂക്കളമിടീലും പ്രധാന മത്സരയിനമാണ്.
വയലുകളിൽ നടക്കുന്ന മരമടി മത്സരവും കാണികളിൽ ആവേശം നിറയ്ക്കുന്നതാണ്. കൊയ്ത്തു കഴിഞ്ഞ പാടങ്ങളിലാണ് കാളയോട്ട മത്സരം നടത്തുന്നത്.
തീറ്റ മത്സരവും ഓണാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കാറുണ്ട്. ഉൗഞ്ഞാലാട്ടം, വടത്തിൽ കയറ്റം, ചാക്കിലോട്ടം, വാഴയിൽ കയറ്റം എന്നിവയെല്ലാം ഇക്കാലത്തെ മത്സരയിനങ്ങളാണ്.
സ്ത്രീകൾക്കും കുട്ടികൾക്കുമായി പ്രത്യേക മത്സരങ്ങളും സംഘടിപ്പിക്കും. തിരുവോണ നാളിൽ വരെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ മത്സരങ്ങൾ സംഘടിപ്പിക്കുന്ന പതിവാണുള്ളത്.