ഇടമലക്കുടിക്കു പ്രത്യേക പരിഗണന നൽകും
1587994
Sunday, August 31, 2025 3:09 AM IST
ഇടുക്കി: സംസ്ഥാനത്തെ ഏകഗോത്ര വർഗ പഞ്ചായത്തായ ഇടമലക്കുടിയിൽ പദ്ധതി നടപ്പാക്കുന്നതിൽ വകുപ്പുകൾ പ്രത്യേക പരിഗണന നൽകണമെന്നു ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട്. ജില്ലാ വികസനസമിതി യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ഇടമലക്കുടിയിലേക്കുള്ള കോണ്ക്രീറ്റ് റോഡിന്റെ അവശേഷിക്കുന്ന ഭാഗം അടിയന്തര പ്രാധാന്യം നൽകി പൂർത്തിയാക്കാൻ പൊതുമരാമത്ത് റോഡ് വിഭാഗത്തിനു നിർദേശം നൽകി.
ഇടമലക്കുടിയിൽ തയ്യൽ പരിശീലന പദ്ധതി നടപ്പാക്കാനുള്ള പദ്ധതി പുരോഗമിക്കുകയാണെന്നു ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ സമിതിയെ അറിയിച്ചു. വർക്ക്ഷോപ്പ് സാങ്കേതിക പരിശീലനം ഉൾപ്പെടെ നൽകാനുള്ള സാധ്യതകളും പരിശോധിക്കും. ഇടമലക്കുടിയിൽ കുടുംബശ്രീയുടെ പ്രവർത്തനം കാര്യക്ഷമമാക്കാനും കളക്ടർ നിർദേശിച്ചു.
വൈദ്യുതി കേബിളിന്റെ ഇലക്ട്രിക്കൽ തകരാർ മഴ മാറിയാൽ ഉടൻ പരിഹരിക്കുമെന്നും മഴ തുടരുന്ന സാഹചര്യത്തിൽ കേബിൾ ജോയിന്റ് ചെയ്യുന്നത് സാങ്കേതിക തകരാറുകൾക്കു കാരണമാകുമെന്നും കെഎസ്ഇബി യോഗത്തിൽ അറിയിച്ചു.
അപകടമരങ്ങൾ മുറിക്കും
വട്ടവടയിൽനിന്നു മൂന്നാറിൽ എത്തുന്ന ചിലന്തിയാർ സ്വാമിയാറളക്കുടി റോഡ് നിർമാണത്തിന് പിഎംജിഎസ് വൈ പദ്ധതിയിൽ ഉൾപ്പെടുത്തി നടപടി പുരോഗമിക്കുകയാണെന്ന് എക്സിക്യൂട്ടീവ് എൻജനിയർ സമിതിയെ അറിയിച്ചു. ദേശീയപാത 85ൽ വാളറ നേര്യമംഗലം സ്ട്രക്ചറിൽ 259 മരങ്ങൾ മുറിക്കാൻ അനുമതി നൽകിയിട്ടുണ്ടെന്നും യൂസർ ഏജൻസി ഇതു മുറിച്ചു നീക്കിയതായും അപകട ഭീഷണിയായി നിന്നിരുന്ന 682 മരങ്ങളിൽ 303 മരങ്ങൾ മുറിച്ചു നീക്കിയതായും മൂന്നാർ ഡിഎഫ്ഒ അറിയിച്ചു.
നഗരസഭകൾക്ക് അനുമോദനം
സ്വച്ഛ് സർവേഷൻ പദ്ധതിയിൽ ദേശീയ തലത്തിൽ മികച്ച ശുചിത്വ നഗരസഭകളിൽ ഉൾപ്പെട്ട കട്ടപ്പന, തൊടുപുഴ നഗരസഭകളെ ജില്ലാ വികസനസമിതിയിൽ അനുമോദിച്ചു. പുരസ്കാരങ്ങളും കൈമാറി. അന്തരിച്ച പീരുമേട് എംഎൽഎ വാഴൂർ സോമന് യോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. എഡിഎം ഷൈജു പി.ജേക്കബ്, ജില്ലാ പ്ലാനിംഗ് ഓഫീസർ ദീപാ ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.