ഓണസദ്യയാണോ, ഇലയിൽ ഉപ്പേരി വേണം...
1588259
Sunday, August 31, 2025 11:53 PM IST
തൊടുപുഴ: നല്ല നാടൻ നേന്ത്രക്കായ വറുത്തെടുത്ത ഉപ്പേരിയില്ലാതെ എന്തോണം. കനം കുറച്ച് അരിഞ്ഞ നേന്ത്രക്കായ വെളിച്ചെണ്ണയിൽ വറുത്തു കോരിയെടുക്കുന്ന ഉപ്പേരിയും ശർക്കര വരട്ടിയുമില്ലാത്ത ഓണത്തെക്കുറിച്ച് ചിന്തിക്കാൻ പോലും മലയാളിക്ക് കഴിയില്ല. അതിനാൽ ഓണക്കാലത്ത് ഉപ്പേരിയുടെ വൻ വ്യാപാരമാണ് നടക്കുന്നത്. ഇവിടെ നടക്കുന്ന വിൽപ്പന കൂടാതെ വിദേശ രാജ്യങ്ങളിലെ ഓണാഘോഷങ്ങളിൽ സദ്യയുടെ ഭാഗമാകാൻ ഉപ്പേരി വലിയ തോതിൽ കടൽകടന്നും പോകുന്നുണ്ട്.
ഓണവിപണി ഉണർന്നതോടെ ഉപ്പേരി വിൽപ്പന സജീവമായി. ഓണക്കാലം മുൻനിർത്തി പലരും മറ്റ് ഉത്പന്നങ്ങളുടെ നിർമാണം മാറ്റിവച്ചാണ് ഉപ്പേരിയുടെ നിർമാണത്തിലേക്ക് കടന്നിരിക്കുന്നത്. വീടുകളിലും ചെറുകിട സംരംഭമെന്ന നിലയിൽ ഉപ്പേരി നിർമാണം നടക്കുന്നുണ്ട്. വഴിയോരങ്ങളിലും ഉപ്പേരിയുടെ വിൽപ്പന വ്യാപകമായി നടക്കുന്നുണ്ട്. വെള്ളിച്ചെണ്ണ വില ഉയർന്നത് ഉപ്പേരി വിപണിയെ ബാധിച്ചിട്ടുണ്ട്. മഴയും വിൽപ്പനയെ ബാധിച്ചിട്ടുണ്ടെങ്കിലും ഇന്നു മുതൽ കച്ചവടം തകൃതിയാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ.
മുൻകാലങ്ങളിൽ വീടുകളിൽതന്നെ ഉപ്പേരിയും ശർക്കരവരട്ടിയും മറ്റും വറുത്തെടുക്കുന്നതായിരുന്നു രീതി. ഇങ്ങനെ വറുത്തെടുത്ത ഉപ്പേരി ഭരണികളിലോ ടിന്നുകളിലോ സൂക്ഷിക്കും. ഓണനാളിൽ ഇതു പുറത്തെടുക്കും. എന്നാൽ ഇപ്പോൾ പായ്ക്കറ്റ് ഉപ്പേരിയുടെ കാലമാണ്. ബേക്കറികളിലും ഹോട്ടലുകളിലും മറ്റെല്ലാ വിൽപ്പനമേഖലകളിലും പായ്ക്കറ്റ് ഉപ്പേരി സ്ഥാനം പിടിച്ചു. വെള്ളിച്ചെണ്ണയിൽ വറുത്ത കായ ഉപ്പേരിക്ക് കിലോയ്ക്ക് 560 രൂപയാണ് വില. കഴിഞ്ഞ വർഷം കിലോയ്ക്ക് 400 രൂപയായിരുന്നു വില. വെളിച്ചെണ്ണ വില കൂടിയതാണ് വില വർധിക്കാൻ കാരണമായി കച്ചവടക്കാർ പറയുന്നത്.
കായ വറുത്ത ഉപ്പേരി കൂടാതെ വ്യത്യസ്ത തരത്തിലുള്ള ചിപ്സുകളും ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. പുതിന ഉപ്പേരി, ടൊമാറ്റോ ഉപ്പേരി, ചീസ് ഉപ്പേരി, റോബസ്റ്റ കൊണ്ടുള്ള ഉപ്പേരി, പഴം ഉപ്പേരി എന്നിവയും ശ്രദ്ധ നേടിയിട്ടുണ്ട്. സദ്യക്ക് വിളന്പുന്ന നാലുപ്പേരിക്കും ഓണം പ്രമാണിച്ച് ഡിമാൻഡ് കൂടിയിട്ടുണ്ട്.
അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന നേന്ത്രക്കായയാണ് ഇപ്പോൾ പ്രധാനമായും ഉപ്പേരി നിർമാണത്തിനായി ഉപയോഗിക്കുന്നത്. ഇതിനു പുറമേ നാടൻ വാഴക്കുലകളും ഉപയോഗിക്കുന്നുണ്ട്. ഇതിനു വില കൂടുതലാണ്.
മൂന്ന് കിലോയോളം കായ വേണം ഒരു കിലോ ഉപ്പേരി തയാറാക്കാനെന്ന് വ്യാപാരികൾ പറയുന്നു. ഹൈറേഞ്ചിലെ വാഴക്കർഷകർ ഉത്പാദിപ്പിക്കുന്ന ഏത്തക്കുലകളും ജില്ലയിൽ പ്രധാനമായും എത്തുന്നുണ്ട്. ഒരു കിലോ എത്തക്കായ്ക്ക് 50-60 എന്ന നിരക്കിലാണ് വില.