അമീബിക്ക് മസ്തിഷ്ക ജ്വരം; കാന്പയിൻ തുടങ്ങി
1588752
Tuesday, September 2, 2025 11:23 PM IST
തൊടുപുഴ: സുരക്ഷിത ജലലഭ്യതയും ജലജന്യ പ്രതിരോധവും ലക്ഷ്യമിട്ട് ഹരിത കേരള മിഷൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ജലമാണ് ജീവൻ കാന്പയിൻ പ്രവർത്തനങ്ങൾക്ക് ജില്ലയിൽ തുടക്കമായി. സംസ്ഥാനത്തെ കിണറുകളും പൊതുജലസ്രോതസുകളും വൃത്തിയാക്കുന്നതിനുള്ള സംയുക്ത കാന്പയിനാണിത്.
മുഴുവൻ വീടുകളിലെയും സ്ഥാപനങ്ങളിലെയും കിണറുകൾ, മറ്റ് കുടിവെള്ള സ്രോതസുകൾ എന്നിവ ക്ലോറിനേറ്റ് ചെയ്യും. ആവശ്യമായ ബ്ലീച്ചിംഗ് പൗഡറും ക്ലോറിൻ ഗുളികകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി ലഭ്യമാക്കും. കിണറുകൾക്ക് പുറമേ ജല സംഭരണ ടാങ്കുകൾ കഴുകി വൃത്തിയാക്കും. വീടുകൾ, ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഹോസ്റ്റലുകൾ തുടങ്ങിയവയിലെ ജലസംഭരണ ടാങ്കുകളും വൃത്തിയാക്കും.
അമീബിക്ക് മസ്തിഷ്ക ജ്വരം കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് കാന്പയിൻ നടക്കുന്നത്.
കഴിഞ്ഞ 30, 31 തീയതികളിൽ ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ 51,460 സ്വകാര്യ കിണറുകളും 986 പൊതു സ്ഥാപന കിണറുകളും 1163 പൊതു കിണറുകളിലും ജലത്തിന്റെ അളവ് അനുസരിച്ച് ശാസ്ത്രീയമായ ക്ലോറിനേഷൻ നടത്തുകയും 22462 പൊതു ടാങ്കുകൾ ശുചീകരിക്കുകയും ചെയ്തു.
ജില്ലയിൽ 77 തദ്ദേശ സ്വയംഭരണ സ്ഥാപന തല യോഗങ്ങളും കാന്പയിനുമായി ബന്ധപ്പെട്ടു 325 മറ്റു യോഗങ്ങളും ചേർന്നു. 157 പരിശീലന ക്ലാസുകൾ നടത്തി. തുടർന്ന് എല്ലാ വീടുകളിലും ബോധവത്കരണ പ്രവർത്തനങ്ങളും നടത്തും.