മകന്റെ മർദനത്തെത്തുടർന്ന് പരിക്കേറ്റ് ചികിത്സയിലിരുന്ന പിതാവ് മരിച്ചു
1587992
Sunday, August 31, 2025 3:09 AM IST
രാജാക്കാട്: മകന്റെ മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ് മധുര മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന പിതാവ് മരിച്ചു.
രാജകുമാരി പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും സിപിഎം നേതാവുമായിരുന്ന രാജകുമാരി ഖജനാപ്പാറ സ്വദേശി എസ്.ആണ്ടവർ(84) ആണ് മരിച്ചത്. സംഭവത്തോടനുബന്ധിച്ച് രാജാക്കാട് പോലീസ് അറസ്റ്റ് ചെയ്ത ആണ്ടവരുടെ മകൻ മണികണ്ഠനെ(43) കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. കഴിഞ്ഞ 24നു രാത്രി പതിനൊന്നരയോടെയാണ് മകൻ സ്വത്തുത്തുർക്കത്തെ തുടർന്ന് പിതാവിനെ ക്രൂരമായി മർദിച്ചത്. ഈ സമയം വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല.ബഹളം കേട്ടെത്തിയ നാട്ടുകാരും ബന്ധുക്കളും ചേർന്ന് ആണ്ടവരെ തേനി മെഡിക്കൽ കോളജിലെത്തിക്കുകയായിരുന്നു.പരിക്ക് ഗുരുതരമായതിനാൽ മധുര മെഡിക്കൽ കോളജിലേക്ക് മാറ്റി.
രാജാക്കാട് പോലീസ് ആശുപത്രിയിലെത്തി മേൽ നടപടികൾ സ്വീകരിച്ചു. പോസ്റ്റ് മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ മുത്തുലക്ഷ്മി. മറ്റ് മക്കൾ: ജ്യോതിമണി, ധനലക്ഷ്മി. മരുമക്കൾ: ഗോവിന്ദരാജ്, ഗണേശൻ, പ്രീതിമ കാർത്ത്യായനി.