മാത്യു ബെന്നിക്ക് അക്ഷരമുറ്റവും ക്ഷീരമേഖലയും ജീവിതപാഠം
1587460
Thursday, August 28, 2025 11:42 PM IST
തൊടുപുഴ: വെള്ളിയാമറ്റം സ്വദേശി മാത്യു ബെന്നി എന്ന കുട്ടികർഷകന്റെ തൊഴുത്തിൽ ഇന്ന് തലയെടുപ്പോടെ നിൽക്കുന്നത് 23 പശുക്കൾ. മുന്പ് പ്രതിസന്ധിയുടെ നാളിൽ സംസ്ഥാന സർക്കാരും സുമനസുകളും നീട്ടിയ സഹായ ഹസ്തമാണ് പ്ലസ് ടു വിദ്യാർഥിയായ മാത്യു ബെന്നിയ്ക്ക് കൈത്താങ്ങായത്. പഠനത്തോടൊപ്പം 22 പശുക്കളെ പരിപാലിച്ചിരുന്ന മാത്യുവിന്റെ തൊഴുത്തിൽ 2023 ഡിസംബർ 31നു രാത്രി കഴിക്കാൻ നൽകിയ കപ്പത്തൊണ്ടിൽ നിന്നു വിഷബാധയേറ്റ് 13 പശുക്കളാണ് ചത്തത്.
സംഭവമറിഞ്ഞ മന്ത്രിമാർ ഉൾപ്പെടെ ഓടിയെത്തി കുടുംബത്തെ ആശ്വസിപ്പിച്ചു. മന്ത്രി ചിഞ്ചുറാണി ഇടപെട്ട് അഞ്ചു പശുക്കളെ മാട്ടുപ്പെട്ടി ഫാമിൽ നിന്ന് സർക്കാരിന്റെ വകയായി എത്തിച്ചു നൽകി. കുട്ടി കർഷകനെ സമാശ്വസിപ്പിക്കാൻ ജീവിതത്തിന്റെ തുറകളിലുള്ളവർ സഹായവുമായെത്തി.
പി.ജെ. ജോസഫ് എംഎൽഎ കരീന എന്ന ഒരു പശുവിനെ നൽകി. കത്തോലിക്ക കോണ്ഗ്രസ് ഒരു പശുവിനെയും കിടാവിനെയും നൽകി. സിപിഎം മൂന്നു പശുക്കളെ നൽകി. തൊഴുത്തിൽ ശേഷിച്ച ഒൻപതു പശുക്കളും സഹായമായി ലഭിച്ച 11 എണ്ണവും മാത്യുവിന്റെ തൊഴുത്തിൽ പിറന്ന കിടാങ്ങളും ഉൾപ്പെടെയാണ് ഇപ്പോൾ തൊഴുത്തിലുള്ളത്.
പഠനത്തോടൊപ്പം പുലർച്ചെ പശുക്കൾക്ക് തീറ്റ കൊടുക്കൽ, തൊഴുത്ത് ശുചീകരിക്കൽ, കറവ എന്നീ ജോലികളിൽ സഹായമായി മാത്യുവിനൊപ്പം അമ്മ ഷൈനിയുമുണ്ട്. സഹോദരി റോസ്മേരി അറക്കുളം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വണ് വിദ്യാർഥിനിയാണ്. ഇതിനിടെ ജേഷ്ഠൻ ജോർജ് ലണ്ടനിൽ പഠനത്തിലാണ്. മാത്യു വെള്ളിയാമറ്റം ക്രൈസ്റ്റ് കിംഗ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥിയാണ്. രണ്ട് ഏക്കറിൽ കൃഷിയുടെ പുതുപാഠങ്ങൾ നെയ്യുകയാണ് ഈ കുട്ടികർഷകൻ.