പണവും മൊബൈലും തട്ടി: എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
1587461
Thursday, August 28, 2025 11:42 PM IST
തൊടുപുഴ: മറയൂരിൽ വിനോദയാത്രയ്ക്കെത്തിയ യുവാക്കളിൽ നിന്നും പണവും മൊബൈൽ ഫോണും തട്ടിയെടുത്ത സംഭവത്തിൽ രണ്ട് എക്സൈസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കിഷോർ കുമാർ, സിവിൽ എക്സൈസ് ഓഫീസർ അരുണ്‍ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
കൊല്ലം പരവൂർ ഭാഗത്തുനിന്ന് ഓഗസ്റ്റ് നാലിന് വിനോദയാത്രയ്ക്കെത്തിയ നാലുപേരടങ്ങുന്ന സംഘത്തിന്റ കാർ മറയൂർ എക്സൈസ് ഉദ്യോഗസ്ഥർ തടഞ്ഞുനിർത്തി പരിശോധിക്കുകയും മദ്യപിച്ചിട്ടുണ്ടെന്ന പേരിൽ ഇവരെ മറയൂർ എക്സൈസ് ഓഫീസിലേക്ക് കൂട്ടി കൊണ്ടുപോവുകയും ചെയ്തു.
തുടർന്ന് എടിഎമ്മിൽ നിന്നുംപിൻ വലിച്ച 90,000 രൂപയും യുവാക്കളുടെ കൈയിലുണ്ടായിരുന്ന ഒരുലക്ഷം രൂപയുടെ മൊബൈൽ ഫോണും കവർന്നെടുക്കുകയും ചെയ്തു. ഇതുസംബന്ധിച്ച് ഇടുക്കി വിജിലൻസിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നു വീഴ്ചയുണ്ടായതായി ബോധ്യപ്പെട്ടതും സസ്പെൻഡ് ചെയ്തതും.
ഇടുക്കി വിജിലൻസ് ഡിവൈഎസ്പി ഷാജു ജോസിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.