കരിമണ്ണൂർ കൊലപാതകം: പ്രതി പിടിയിൽ
1587462
Thursday, August 28, 2025 11:42 PM IST
തൊടുപുഴ: കരിമണ്ണൂരിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. ബുധനാഴ്ച രാത്രി കരിമണ്ണൂർ കന്പിപ്പാലത്തിനു സമീപം മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തെത്തുടർന്ന് കിളിയറ പുത്തൻപുരയിൽ വിൻസന്റ് മാത്യു (പിഞ്ച് -45) വാണ് വെട്ടേറ്റു മരിച്ചത്. സംഭവത്തിൽ കരിമണ്ണൂർ മാരാംപാറ കപ്പിലാംകുടിയിൽ ബിനു ചന്ദ്രനെ (38) കരിമണ്ണൂർ പോലീസ് അറസ്റ്റ് ചെയ്തു.
ബുധനാഴ്ച രാത്രി എട്ടോടെയാണ് കൊലപാതകം നടന്നത്. കൊല്ലപ്പെട്ട വിൻസന്റിന്റെ സുഹൃത്തും ഓട്ടോ ഡ്രൈവറുമായ കൊല്ലപ്പുഴ പുല്ലുവേലിക്കകത്ത് എൽദോസ് ജോർജും സുഹൃത്തുക്കളും കന്പിപ്പാലം ഷാപ്പിന് അടുത്തുള്ള വാടകക്കെട്ടിടത്തിലിരുന്ന് മദ്യപിക്കുകയായിരുന്നു. ഈ സമയം സ്ഥലത്തെത്തിയ ബിനു ചന്ദ്രൻ ബിയർ കുപ്പികൊണ്ട് എൽദോസ് ജോർജിനെ അടിച്ചുവീഴ്ത്തി. തുടർന്ന് ഇദ്ദേഹം ഓടി രക്ഷപ്പെടുകയായിരുന്നു.
തുടർന്ന് പ്രശ്നം പരിഹരിക്കാനാണ് വിൻസന്റിനെ വിളിച്ചുകൊണ്ടുവന്നത്. തുടർന്നുണ്ടായ തർക്കത്തിനിടെ വാക്കത്തി ഉപയോഗിച്ച് ബിനു വിൻസന്റിനെ ആക്രമിക്കുകയായിരുന്നു. ഇയാൾക്ക് കഴുത്തിന് ആഴത്തിൽ വെട്ടേറ്റു. കൂടെയുണ്ടായിരുന്ന എൽദോസിനെയും ബിനു വെട്ടാൻ ശ്രമിച്ചെങ്കിലും ഇയാൾ ഓടി രക്ഷപ്പെട്ടു. അക്രമത്തിനു ശേഷം പ്രതി സംഭവസ്ഥലത്തുതന്നെ നിലയുറപ്പിച്ചു.
മണിക്കൂറുകൾ കഴിഞ്ഞ് ഇയാൾ അവിടെനിന്നു മാറിയതിനെത്തുടർന്ന് രക്തം വാർന്നു കിടന്ന വിൻസന്റിനെ എൽദോസും സുഹൃത്തുക്കളും ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ, ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം ഇന്നലെ പോസ്റ്റുമോർട്ടം നടത്തി മുതലക്കോടത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തലയിലേക്കുള്ള പ്രധാന ഞരന്പ് മുറിഞ്ഞതിനെത്തുടർന്നുണ്ടായ അമിത രക്ത സ്രാവമാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ പ്രാഥമിക സൂചന. ഇതിനു മുന്പും പ്രതി ബിനുവും എൽദോസും തമ്മിൽ പലപ്പോഴും കൈയാങ്കളി ഉണ്ടായിട്ടുണ്ട്. എൽദോസ് മുന്പ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്നു.
കൊലപാതകത്തിനു ശേഷം സ്ഥലത്ത് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ബിനുവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇന്നലെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കരിമണ്ണൂർ എസ്എച്ച്ഒ വി.സി. വിഷ്ണുകുമാർ, എസ്ഐ ബേബി ജോസഫ്, എസ്സിപിഒ ഷാനവാസ്, സിവിൽ പോലീസ് ഓഫീസർ രാഹുൽ സിബി എന്നിവരുടെ നേതൃത്വത്തിലാണ് മേൽനടപടികൾ സ്വീകരിച്ചത്. വിൻസന്റിന്റെ സംസ്കാരം ഇന്ന് നാലിന് കരിമണ്ണൂർ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ നടക്കും.