ജുവാനിറ്റയുടെ ചെണ്ടുമല്ലി പൂക്കൾ ഓണത്തിന് മാറ്റുകൂട്ടും
1587465
Thursday, August 28, 2025 11:42 PM IST
മറയൂർ: ഓണത്തിന്റെ അത്തപ്പൂക്കളത്തിന് നിറവും മണവും പകരാൻ മറയൂർ പഞ്ചായത്തിലെ നാലാം വാർഡിൽ ചെറുവള്ളിൽ വീട്ടിൽ ഓറഞ്ചും മഞ്ഞയും നിറഞ്ഞ ചെണ്ടുമല്ലി പൂക്കൾ വിരിഞ്ഞു തുടങ്ങി. കുട്ടിക്കർഷകയായ ജുവാനിറ്റയാണ് ഈ വർണ്ണാഭമായ ചെണ്ടുമല്ലി തോട്ടം ഒരുക്കിയിരിക്കുന്നത്.
വീടിന്റെ മുറ്റത്ത് 200ലധികം ചെണ്ടുമല്ലി തൈകൾ പൂവിട്ട് ഓണവിപണിക്കായി ഒരുങ്ങുകയാണ്. സഹായഗിരി ജയമാതാ പബ്ലിക് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനി ജുവാനിറ്റയാണ് ഈ കൃഷിയുടെ മുൻനിരയിൽ. സഹോദരി ജിൽനാ സഹായത്തിനുമുണ്ട്. രാവിലെയും വൈകിട്ടും ഇവർ ചെടികളുടെ പരിചരണത്തിനായി സമയം കണ്ടെത്തുന്നു.
കൃഷിയിലെ തുടക്കവും വൈവിധ്യവും
കോവിഡ് കാലത്താണ് ജിൽനയും ജുവാനിറ്റയും കൃഷിയിലേക്ക് ചുവടുവെച്ചത്. പച്ചക്കറികൾ, സൂര്യകാന്തി, ചോളം എന്നിവയോടെ തുടങ്ങിയ കൃഷി, ഇപ്പോൾ വെണ്ട, വഴുതന, പച്ചമുളക്, ബീൻസ്, വാഴ, ചീര തുടങ്ങിയ ജൈവ വിളകളിലേക്ക് വ്യാപിച്ചു. ഓണവിപണി ലക്ഷ്യമാക്കി ചെണ്ടുമല്ലി കൃഷി തുടങ്ങിയ ഇവർ, മറ്റ് സംസ്ഥാനങ്ങളിൽ മാത്രം കണ്ടുവന്നിരുന്ന പൂക്കളെ നാട്ടിൽ വളർത്തി വിജയം കൊയ്യുകയാണ്.
പ്രചോദനവും പിന്തുണയും
ഇടമറ്റത്തുള്ള പുരുഷോത്തമന്റെ നഴ്സറിയിൽ നിന്നാണ് ഒരു തൈക്ക് 5 രൂപ നിരക്കിൽ ചെണ്ടുമല്ലി തൈകൾ വാങ്ങിയത്. 45 ദിവസം കൊണ്ട് തൈകൾ പൂവിട്ടു തുടങ്ങി. അടുത്ത വർഷം കൂടുതൽ സ്ഥലത്ത് കൂടുതൽ തൈകൾ നട്ട് വിളവെടുക്കാൻ പദ്ധതിയുണ്ടന്ന് ജുവാനിറ്റ ആവേശത്തോടെ പറയുന്നു.
മാതൃകയാകുന്ന കുട്ടിക്കർഷക
മറ്റുള്ളവർക്ക് പ്രചോദനമാകുന്ന വിജയഗാഥയാണ് ഈ ഒൻപതാം ക്ലാസ് കാരിയുടേത്. മറ്റു സംസ്ഥാനങ്ങളിൽ മാത്രം കാണുന്ന പൂക്കൾ നമ്മുടെ നാട്ടിലും വളർത്താമോ എന്ന് ചിന്തിക്കുന്നവർ ഏറെയാണ്. പക്ഷേ, അത് പ്രാവർത്തികമാക്കുന്നവർ കുറച്ചു മാത്രം. ഈ കുട്ടിക്കർഷക അതിന്റെ ഉത്തമ ഉദാഹരണമാണന്ന് ഇവളുടെ അധ്യാപകർ അഭിമാനത്തോടെ പറയുന്നു.
മറയൂർ പത്തടിപ്പാലം ചെറുവള്ളിൽ വീട്ടിൽ ജിതേഷിന്റെയും മിനിയുടെയും മക്കളായ ജിൽനയും ജുവാനിറ്റയും ഓണത്തിന് മാത്രമല്ല, കൃഷിയുടെ പുതിയ സാധ്യതകൾ തുറക്കുന്നതിനും മാതൃകയാകുകയാണ്.