മഴ ശക്തം: ഹൈറേഞ്ച് നിവാസികൾക്ക് ആശങ്ക
1587468
Thursday, August 28, 2025 11:42 PM IST
രാജാക്കാട്: ഓഗസ്റ്റിലെ തുടർച്ചയായുള്ള മഴ ഹൈറേഞ്ച് നിവാസികളെ ആശങ്കയിലാക്കുന്നു. കഴിഞ്ഞ വർഷവും തുടരെ പെയ്തിറങ്ങിയ മഴയെത്തുടർന്നാണ് പ്രദേശത്തെ പല മേഖലകളിലും ഉരുൾ പൊട്ടലും നാശവും ഉണ്ടായത്. ഈ വർഷവും ഒാഗസ്റ്റ് ആദ്യ പകുതിയിൽ ശക്തമായ കാറ്റും തുടർച്ചയായ കനത്ത മഴയും ഉണ്ടായതാണ്.
മരങ്ങൾ കടപുഴകി വീണതിനെത്തുടർന്ന് നിരവധി വീടുകൾക്കും മറ്റു കെട്ടിടങ്ങൾക്കും നാശം സംഭവിച്ചിരുന്നു. നിരവധി വൈദ്യുതിത്തൂണുകൾ മറിഞ്ഞും ലൈനുകൾ പൊട്ടിയും കെഎസ്ഇബിക്കും ലക്ഷങ്ങളുടെ നഷ്ടമുണ്ടായി. ദിവസങ്ങളോളം ജീവനക്കാർ കഷ്ടപ്പെട്ടാണ് തകരാറിലായ വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചത്.
ഹൈറേഞ്ചിലെ പ്രധാന വരുമാനമാർഗമായ ഏലംകൃഷിയും വ്യാപകമായി നശിച്ചിരുന്നു. ഒരാഴ്ചയോളം മഴ മാറിനിൽക്കുകയും തെളിഞ്ഞ അന്തരീക്ഷം അനുഭവപ്പെട്ടെങ്കിലും ഓഗസ്റ്റ് അവസാനത്തോടെ വീണ്ടും മഴ ശക്തി പ്രാപിച്ചതാണ് ഹൈറേഞ്ച് ജനതയെ ആശങ്കയിലാക്കിയിട്ടുള്ളത്.