വാണിജ്യാവശ്യത്തിനുള്ള കെട്ടിടം നിരുപാധികം ക്രമവത്കരിക്കണം: ഏകോപന സമിതി
1587701
Friday, August 29, 2025 11:44 PM IST
ചെറുതോണി: വാണിജ്യാവശ്യത്തിനുള്ള കെട്ടിടങ്ങൾ നിരുപാധികം ക്രമവൽകരിച്ചു നൽകണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇടുക്കി ജില്ലയിലെ 70 ശതമാനം പട്ടയങ്ങളും ലാൻഡ് അസൈൻമെന്റ് പട്ടയങ്ങളാണ്. 1964ലെ ചട്ട പ്രകാരം പതിച്ചു നൽകിയ ഭൂമിയിൽ കൃഷിക്കും വാസഗൃഹത്തിനുമാണെന്ന് രേഖപെടുത്തിയിട്ടുണ്ടെങ്കിലും 2016വരെ ഇവിടെ വാണിജ്യ കെട്ടിടങ്ങൾ നിർമിക്കുന്നതിന് യാതൊരു നിയന്ത്രണങ്ങളും ഉണ്ടായിരുന്നില്ല.
നിരവധി വാണിജ്യാവശ്യത്തിനുള്ള കെട്ടിടങ്ങൾ ഹൈറേഞ്ചിന്റെ എല്ലാ ഭാഗങ്ങളിലും സർക്കാരിന്റെ അനുമതിയോടെ നിർമിച്ചിട്ടുണ്ട്. പിന്നീട് ഇതെല്ലാം അനധികൃതമാണെന്ന സർക്കാർ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. യാതൊരുവിധ ഫീസും വാങ്ങാതെ ഇതു ക്രമവൽക്കരിച്ചു നൽകാനുള്ള ബാധ്യത സർക്കാരിനുണ്ട്.
ഫെയർ വാല്യൂവിന്റെ 10 ശതമാനം മുതൽ 50 ശതമാനംവരെ പിഴ ഈടാക്കി ക്രമവൽക്കരിക്കാനുള്ള നീക്കത്തിൽനിന്നു സർക്കാർ പിന്മാറണമെന്ന് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഹൈറേഞ്ചിലെ ജനങ്ങൾ വർഷങ്ങളായി ആവശ്യപ്പെട്ടു വരുന്ന നിർമാണ നിരോധനം പിൻവലിക്കുന്നത് സംബന്ധിച്ച് സർക്കാരിന്റെ ഭാഗത്തുനിന്നു യാതൊരുവിധ തീരുമാനങ്ങളും ഉണ്ടാകാത്തത് പ്രതിഷേധാർഹമാണ്.
ഭൂപതിവ് ചട്ടം സംബന്ധിച്ച് ചർച്ച നടത്തുന്നതിനും ആവശ്യമെങ്കിൽ സമര പരിപാടികൾ പ്രഖ്യപിക്കുന്നതിനുമായി ജില്ലയിലെ കെട്ടിട ഉടമകളുടെയും വ്യപാരികളുടെയും അടിയന്തര യോഗം സെപ്റ്റംബർ രണ്ടിന് രാവിലെ 11ന് ജില്ലാ വ്യപാര ഭവനിൽ നടക്കും.
ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളിലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി ഹാജി നജീബ് ഇല്ലത്തുപറമ്പിൽ, വർക്കിംഗ് പ്രസിഡന്റ് കെ.ആർ. വിനോദ്, ട്രഷറർ ആർ. രമേശ് എന്നിവർ പ്രസംഗിച്ചു .