തൊഴിലുറപ്പു തൊഴിലാളികളുടെ വേതനം വൈകുന്നു
1587703
Friday, August 29, 2025 11:44 PM IST
രാജാക്കാട്: തിരുവോണം അടുത്തിട്ടും തൊഴിലുറപ്പു തൊഴിലാളികളുടെ വേതനം വൈകുന്നതായി പരാതി. മൂന്നു മാസമായിട്ടും വേതനം ലഭിച്ചിട്ടില്ലെന്നാണ് തൊഴിലാളികൾ പറയുന്നത്. ഇപ്പോൾ തൊഴിലുറപ്പു പണികളും കുറവാണ്. പ്രായം ചെന്നവരും മറ്റു ജോലിക്കു പോകാൻ സാധിക്കാത്തവരുമായവർ പ്രതിസന്ധിയിലായിരിക്കുകയാണ്.
ചെയ്ത ജോലിയുടെ വേതനം ലഭിക്കാത്തതിനാൽ ജീവിതച്ചെലവുകൾക്കു പോലും ബുദ്ധിമുട്ടുന്ന അവശ്തയാണ്. തൊഴിൽ തീർന്നാൽ 15 ദിവസത്തിനുള്ളിൽ വേതനം ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരം ലഭിക്കുമെന്ന് തൊഴിലാളികളുടെ അവകാശമായി തൊഴിലുറപ്പു കാർഡിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ഇതിനായി അപേക്ഷ നൽകിയിട്ടുള്ളവർക്കു പോലും നഷ്ടപരിഹാരം ലഭിച്ചിട്ടില്ല.
കാർഷിക മേഖലയിലേക്കും ക്ഷീരമേഖലയിലേക്കും തൊഴിലുറപ്പു ജോലികൾ വ്യാപിപ്പിക്കുമെന്ന പ്രചാരണങ്ങൾ ഉണ്ടെങ്കിലും നാളിതുവരെ നടപ്പിലായിട്ടില്ല. വേതനം ഉടൻ ലഭിക്കാൻ നടപടി വേണമെന്നും കാർഷിക മേഖലയിലേക്കു തൊഴിലുറപ്പ് വ്യാപിപ്പിക്കാൻ ജനപ്രതിനിധികൾ സംസ്ഥാന സർക്കാരിലും കേന്ദ്രത്തിലും സമ്മർദ്ദം ചെലുത്തണമെന്നതുമാണ് തൊഴിലാളികളുടെ ആവശ്യം.