മലങ്കര ടൂറിസം ഹബ്ബ്: ജനറൽ കൗണ്‍സിൽ ചേരണം
1587704
Friday, August 29, 2025 11:44 PM IST
മുട്ടം: മലങ്കര ടൂറിസം ഹബ്ബിന്റെ ജനറൽ കൗണ്‍സിൽ യോഗം ചേരാൻ അധികൃതർ നടപടികൾ സ്വീകരിക്കണമെന്ന് മുട്ടം ടൂറിസം കൾച്ചറൽ സൊസൈറ്റി യോഗം ആവശ്യപ്പെട്ടു.
2024 ഡിസംബർ 10നാണ് അവസാനമായി ജനറൽ കൗണ്‍സിൽ യോഗം ചേർന്നത്. എട്ടു മാസങ്ങൾ കഴിഞ്ഞിട്ടും പിന്നീട് യോഗം ചേരാൻ അധികൃതർ താല്പര്യപ്പെടുന്നില്ല. ഇതേ തുടർന്ന് മലങ്കര ടൂറിസം ഹബ്ബിലെ വികസന പ്രവർത്തികൾ സ്തംഭനാവസ്ഥയിലാണ്.
സ്വകാര്യ പങ്കാളിത്തം പദ്ധതി പ്രകാരം ഇവിടെ സംരംഭങ്ങൾ ആരംഭിക്കാൻ കഴിഞ്ഞ പ്രാവശ്യം ചേർന്ന ജനറൽ കൗണ്‍സിൽ യോഗത്തിൽ തീരുമാനിച്ചിരുന്നു. ഇതേ തുടർന്ന് ഡിടിപിസി അപേക്ഷ ക്ഷണിക്കുകയും നിരവധി അപേക്ഷകൾ ലഭിക്കുകയും ചെയ്തിരുന്നു.മുൻ കളക്ടർ വി.വിഗ്നേശ്വരി അപേക്ഷകൾ നൽകിയവരുമായി ചർച്ചകൾ നടത്തുകയും ചെയ്തിരുന്നു. എന്നാൽ, അപേക്ഷകൾ നൽകിയിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും പുതിയ കളക്ടർ ചാർജ് ഏറ്റെടുത്തിട്ടും അപേക്ഷകളിൽ തീരുമാനം ആകുന്നില്ല.
അപേക്ഷകൾ നൽകിയവർ ഡിടിപിസിയുടേയും കളക്ടറുടേയും ഓഫീസുകളിൽ നിരന്തരം ബന്ധപ്പെടുന്നുണ്ടെങ്കിലും കൃത്യമായ മറുപടി നൽകാതെ ഓഫിസ് ജീവനക്കാരും കൈമലർത്തുകയാണെന്ന് പറയുന്നു.
എംഎൽഎ, ജില്ലാ കളക്ടർ എന്നിവരുടെ നേതൃത്തിലാണ് ജനറൽ കൗണ്‍സിൽ യോഗം ചേരുന്നത്. മുടങ്ങി കിടക്കുന്ന ജനറൽ കൗണ്‍സിൽ യോഗം ഉടൻ ചേരണമെന്നും അപേക്ഷകളിൽ തീരുമാനമെടുക്കണമെന്നും ടൂറിസം കൾച്ചറൽ കമ്മിറ്റി ആവശ്യപ്പെട്ടു.