കായിക മികവിന്റെയും ഓണാഘോഷത്തിന്റെയും സംഗമം
1587708
Friday, August 29, 2025 11:44 PM IST
നെടുങ്കണ്ടം: അസ്മിത ഖേലോ ഇന്ത്യ വിമന്‍സ് ജൂഡോ ലീഗ്, ദേശീയ കായിക ദിനാഘോഷം, ഇടുക്കിയില്‍നിന്നുള്ള ഒളിമ്പ്യന്മാരുടെ ഫോട്ടോ പ്രദര്‍ശനം, ഓണാഘോഷം എന്നിവ ഇന്നും നാളെയുമായി നെടുങ്കണ്ടത്ത് നടക്കും.
ജില്ലാ ജൂഡോ അസോസിയേഷന്, ഖേലോ ഇന്ത്യ, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍, നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത്, നെടുങ്കണ്ടം സ്പോര്‍ട്സ് അസോസിയേഷന് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. നെടുങ്കണ്ടം പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടക്കുന്ന പരിപാടി ഇന്ന് രാവിലെ 10ന് പഞ്ചായത്ത് പ്രസിഡന്റ് പ്രീമി ലാലിച്ചന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ ജൂഡോ അസോസിയേഷന് പ്രസിഡന്റ് പി.കെ. ഷാജി യോഗത്തില്‍ അധ്യക്ഷത വഹിക്കും.
ഖേലോ ഇന്ത്യയുടെ ഭാഗമായി നടക്കുന്ന വിമന്‍സ് ജൂഡോ ലീഗില്‍ രണ്ടു വിഭാഗങ്ങളിലായി നൂറോളം വനിതാ താരങ്ങള്‍ മാറ്റുരയ്ക്കും. കായിക മത്സരങ്ങളോടൊപ്പം ജില്ലയുടെ കായിക ചരിത്രം വിളിച്ചോതുന്ന ഒളിമ്പിക്സ് ഫോട്ടോ പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. രണ്ടാം ദിവസമായ നാളെ ഫൈനല്‍ മത്സരങ്ങള്‍ നടക്കും.
തുടര്‍ന്ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. കുഞ്ഞ് വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യും. കായികമത്സരങ്ങള്‍ക്കൊപ്പം ഓണത്തോടനുബന്ധിച്ചുള്ള വിവിധ കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ടെന്ന് ജില്ലാ ജൂഡോ അസോസിയേഷന് പ്രസിഡന്റ് പി.കെ. ഷാജി, സെക്രട്ടറി സച്ചിന് ജോണി, സൈജു ചെറിയാന്, സുശാന്ത് ശിവദാസ്, അനില്‍ കട്ടൂപ്പാറ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.