മൂന്നാറിലെ വ്യാപാരികൾ ആശങ്കയിൽ, കുടിയൊഴിപ്പിക്കൽ അല്ലെന്നു സബ് കളക്ടർ
1587710
Friday, August 29, 2025 11:44 PM IST
മൂന്നാർ: ആറ്റുപുറന്പോക്ക് കൈയേറി നിർമാണം നടത്തിയെന്നു ചൂണ്ടിക്കാണിച്ച് മൂന്നാർ ടൗണിലെ 42 കടകൾക്ക് രേഖകൾ ഹാജരാക്കാൻ റവന്യൂ വകുപ്പ് നോട്ടീസ്. നോട്ടിസ് നൽകിയത് ഹൈക്കോടതിയുടെ നിർദേശപ്രകാരമാണെന്നു ദേവികുളം സബ് കളക്ടർ വി.എം. ആര്യ വ്യക്തമാക്കി. വ്യാപാരികളുടെ കൈവശമുള്ള രേഖകളുടെ ആധികാരികത പരിശോധിക്കുകയെന്ന ലക്ഷ്യമാണ് ഉള്ളതെന്നും ഒഴിപ്പിക്കൽ നടപടിയായി അതിനെ കാണേണ്ടതില്ലെന്നും സബ് കളക്ടർ പറഞ്ഞു.
മൂന്നാർ ടൗണിലെ വ്യാപാര സ്ഥാപനങ്ങൾക്കു രേഖകൾ ഹാജരാക്കാനാവശ്യപ്പെട്ടു ദേവികുളം സബ് കളക്ടർ ഓഫീസിൽനിന്നു കഴിഞ്ഞ ദിവസമാണ് നോട്ടീസ് നൽകിയത്. ഇതേത്തുടർന്നു വ്യാപാരികൾ കടുത്ത ആശങ്കയിലാണ്. അതേസമയം, വിഷയത്തിൽ വ്യാപാരികൾക്കു പിന്തുണയുമായി കോണ്ഗ്രസ് രംഗത്തുവന്നു. ഇതോടെയാണ് ദേവികുളം സബ് കളക്ടറുടെ പ്രതികരണം. സെപ്റ്റംബർ ഒന്നു മുതൽ മൂന്നു വരെയുള്ള ദിവസങ്ങളിൽ ആർഡിഒ ഓഫിസിൽ നേരിട്ടു ഹാജരാകാനാണ് സബ് കളക്ടർ ഓഫീസിൽനിന്നുള്ള നിർദേശം.