ജെസിഐ ജീനിയസ് ഹണ്ട് അണക്കരയിൽ
1587712
Friday, August 29, 2025 11:44 PM IST
തൊടുപുഴ : ജൂണിയർ ചേംബർ ഇന്റർനാഷണലിന്റെ പ്രാദേശിക ഘടകത്തിന്റെ നേതൃത്വത്തിൽ ഒക്ടോബർ രണ്ടിന് വൈകുന്നേരം നാലിന് അണക്കര സെന്റ് തോമസ് ഫൊറോന പള്ളി ഓഡിറ്റോറിയത്തിൽ ജെസിഐ ജീനിയസ് ഹണ്ട് എന്ന പേരിൽ അഖില കേരള ഇന്റർ സ്കൂൾ ക്വിസ് മത്സരം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
ജില്ലയിൽ ആദ്യമായാണ് ഓൾ കേരള ഇന്റർ സ്കൂൾ ക്വിസ് മത്സരം നടക്കുന്നത്. ജെസിഐ അണക്കര സ്പൈസ് വാലിയും ജെസിഐ തേക്കടി സഹ്യാദ്രിയും സംയുക്തമായി നടത്തുന്ന ക്വിസ് മത്സരത്തിൽ സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലെയും വിദ്യാർഥികൾക്കു മാറ്റുരയ്ക്കാൻ അവസരം ഒരുക്കും. രണ്ടു വിദ്യാർഥികൾ അടങ്ങുന്ന ഒരു ടീമിന് പങ്കെടുക്കാം.
പ്രിലിമിനറി റൗണ്ടിൽനിന്നു തെരഞ്ഞെടുക്കുന്ന ആറു ടീമുകൾക്ക് ഫൈനലിൽ മത്സരിക്കാം. ഗ്രാൻഡ് മാസ്റ്റർ ജി.എസ് പ്രദീപാണ് ക്വിസ് മാസ്റ്റർ. വിജയികൾക്ക് ട്രോഫിയും കാഷ് അവാർഡും പങ്കെടുക്കുന്ന ടീമുകൾക്ക് സർട്ടിഫിക്കറ്റും നൽകും. സമൂഹത്തിന്റെ വിവിധ മേഖലകളിൽ മികവു തെളിയിച്ച വ്യക്തികളെയും സംഘടനകളെയും ആദരിക്കും.
മന്ത്രി റോഷി അഗസ്റ്റിൻ, ഡീൻ കുര്യാക്കോസ് എംപി, ജില്ല പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാക്കുന്നേൽ, ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് എന്നിവർ പങ്കെടുക്കും. പരിപാടിയുടെ പ്രചരണാർഥമുള്ള പോസ്റ്ററിന്റെ പ്രകാശനം തൊടുപുഴയിൽ ഡീൻ കുര്യാക്കോസ് എംപി നിർവഹിച്ചു. സ്വാഗത സംഘം ഓഫീസിന്റെ ഉദ്ഘാടനം സെപ്റ്റംബർ മൂന്നിന് അണക്കരയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാക്കുന്നേൽ നിർവഹിക്കും.
പത്രസമ്മേളനത്തിൽ ജെസിഐ അണക്കര സ്പൈസ് വാലി പ്രസിഡന്റ് ടിജോ മെത്രാൻപറന്പിൽ, ജെസിഐ തേക്കടി സഹ്യാദ്രി പ്രസിഡന്റ് ഡോ. പ്രിൻസ് ഫ്രാങ്കോ, ഭാരവാഹികളായ സോവിൻ ആക്കിലേട്ട്, സാബു വയലിൽ, വിൻസ് വരിക്കമാക്കൽ എന്നിവർ പങ്കെടുത്തു.