ഡാം പ്രവേശനത്തിന് ഒാൺലൈൻ ബുക്കിംഗ്
1587714
Friday, August 29, 2025 11:44 PM IST
ചെറുതോണി: ഇടുക്കി, ചെറുതോണി ഡാമുകളിലേക്കു പ്രവേശനം ഒാൺലൈൻ ബുക്കിംഗ് വഴി. ചെറുതോണി-തൊടുപുഴ പാതയിൽ പാറേമാവ് ഭാഗത്തുനിന്നുള്ള റോഡിലൂടെയുള്ള ഗേറ്റിലൂടെയാണ് പ്രവേശനം. ചെറുതോണി ഡാമിന്റെ പ്രവേശന കവാടത്തിനു സമീപം ഹൈഡൽ ടൂറിസം വകുപ്പ് ഡാം കാണാനും ബഗ്ഗികാർ യാത്രാ സൗകര്യത്തിനുമുള്ള ടിക്കറ്റ് കൗണ്ടറും ക്രമീകരിച്ചിട്ടുണ്ട്. ഓണ്‍ലൈൻ ബുക്കിംഗിനു ശേഷം സീറ്റുകൾ ഒഴിവുണ്ട് എങ്കിൽ ഇവിടെനിന്നു ടിക്കറ്റ് എടുക്കാം.
സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി മൊബൈൽ ഫോണ്‍, കാമറ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ കർശനമായി നിരോധിച്ചിട്ടുണ്ട്. ഇതോടൊപ്പം ഇടുക്കി റിസർവോയറിൽ ബോട്ടിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ചെറുതോണി ഡാമിലെ വെർട്ടിക്കൽ ഗേറ്റിന്റെ ഉൾപ്പെടെയുള്ള അറ്റകുറ്റപ്പണികൾ നടന്നിരുന്നതിനാലാണ് ഏതാനും മാസം ഡാമിൽ സന്ദർശനാനുമതി നല്കാൻ കഴിയാതെയിരുന്നത്. ഡാമുകൾ തുറക്കുന്നതോടെ ജില്ലാ ആസ്ഥാനത്തെ ടൂറിസത്തിനു കുതിപ്പേകുമെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.