മനം നിറഞ്ഞോണം: ഇന്ന് ഉത്രാടപ്പാച്ചിൽ
1589014
Wednesday, September 3, 2025 11:02 PM IST
തൊടുപുഴ: തിരുവോണത്തെ വരവേൽക്കാൻ നിറഞ്ഞ മനസോടെ മലയാളികൾ ഒരുങ്ങിയതോടെ നാടും നഗരവും ഇന്ന് ഉത്രാടപ്പാച്ചിലിലമരും. അവസാനവട്ട ഒരുക്കങ്ങൾക്കായി അവശ്യസാധനങ്ങൾ വാങ്ങാനും മറ്റുമായി ജനങ്ങൾ ഇന്നു കുടുംബസമേതം പുറത്തിറങ്ങും. സദ്യവട്ടം ഒരുക്കാനും വിട്ടുപോയ സാധനങ്ങൾ വാങ്ങാനുമുള്ള നെട്ടോട്ടം കൂടിയാണിന്ന്. ഓണക്കോടിയെടുക്കാനും സദ്യവട്ടങ്ങൾക്കുള്ള വിഭവങ്ങൾ വാങ്ങാനും ഒട്ടേറെ പേർ ഇന്നു വ്യാപാര സ്ഥാപനങ്ങളിലെത്തും. പകൽ മഴ മാറിനിന്നാൽ ഓണവിപണിക്ക് ഉണർവേകും. എന്നാൽ, കഴിഞ്ഞ ദിവസങ്ങളിൽ ഇടവിട്ടുള്ള മഴ പെയ്തത് വ്യാപാരികൾക്ക് ആശങ്ക സമ്മാനിച്ചിരുന്നു.
ആഘോഷ പൊടിപൂരം
മുൻ വർഷങ്ങളെ അപേക്ഷിച്ച് ആഘോഷങ്ങളുടെ പൊടിപൂരമാണ് നഗര- ഗ്രാമ ഭേദമില്ലാതെ ആവേശം വിതറി അരങ്ങേറുന്നത്. വിവിധ ക്ലബുകളുടെയും റസിഡന്റ്സ് അസോസിയേഷനുകളുടെയും
സംഘടനകളുടെയും നേതൃത്വത്തിൽ മത്സരങ്ങൾ, ഓണസദ്യ, കലാപരിപാടികൾ തുടങ്ങി വിപുലമായ ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. ഒൻപതു വരെ നടക്കുന്ന ജില്ലാതല ഓണം വാരാഘോഷത്തിന് ഇന്നലെ ചെറുതോണിയിൽ തുടക്കമായി. ഓണം റിലീസ് സിനിമകൾ മികച്ച അഭിപ്രായം നേടിയതോടെ തിയറ്ററുകളിലേക്കും പ്രേക്ഷകരുടെ ഒഴുക്കായി. ഓണാവധിയായതോടെ, ജില്ലയിലെ വിനോദസഞ്ചാര മേഖലയും ഏറെ പ്രതീക്ഷയിലും കുതിപ്പിലുമാണ്.
തിരക്കോടു തിരക്ക്
വസ്ത്രവ്യാപാര ശാലകൾ, ഗൃഹോപകരണ വിപണി, ചിപ്സ് കടകൾ, പൂ വിപണി, ഓണം വിപണന മേളകൾ തുടങ്ങി എല്ലായിടത്തും തിരക്കോടു തിരക്കാണ്. പ്രധാന ടൗണുകളെല്ലാം തന്നെ വാഹനത്തിരക്കിൽ വീർപ്പുമുട്ടുകയാണ്. നാളെ തിരുവോണം ആയതിനാൽ വിവിധ ഇടങ്ങളിൽനിന്നു വീട്ടിലെത്താനുള്ളവരുടെ തിരക്കും ബസ് സ്റ്റാൻഡുകളിൽ അനുഭവപ്പെട്ടു.
വസ്ത്രവ്യാപാര ശാലകളിൽ മത്സരക്കച്ചവടമായിരുന്നു ഇന്നലെയും. ഓണക്കച്ചവടം പ്രതീക്ഷിച്ച് പല വ്യാപാര സ്ഥാപനങ്ങളും കൂടുതൽ സമയം തുറന്നു പ്രവർത്തിച്ചു. സപ്ലൈകോ ഓണം ഫെയറുകൾ, കണ്സ്യൂമർ ഫെഡ് ഓണം സഹകരണ വിപണി തുടങ്ങി ഓണം വിപണന മേളകളിലെല്ലാം തിരക്കിനു കുറവില്ല. സപ്ലൈക്കോയിൽ റിക്കാർഡ് വില്പനയാണ് നടന്നത്. ജില്ലാ ഫെയറിൽ എട്ടു ദിവസം കൊണ്ട് 21 ലക്ഷത്തോളം രൂപയുടെ വിറ്റുവരവാണ് നേടാനായത്.
പച്ചക്കറി ദിനം
ഉത്രാടദിനമായ ഇന്നു പച്ചക്കറിക്കാണ് ഏറ്റവും കൂടുതൽ ആവശ്യക്കാർ. ഇത്തവണ കാര്യമായ വിലക്കയറ്റമില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. വള്ളിപ്പയർ, കാരറ്റ് തുടങ്ങി ചുരുക്കം ചില ഇനങ്ങളുടെ വിലയിൽ മാത്രമാണ് വർധന. ജില്ലയിൽ മിക്കയിടങ്ങളിലും വഴിയോരക്കച്ചവടം ഉൾപ്പെടെ പച്ചക്കറി വില്പന തകൃതിയാണ്. ഓണത്തിനു പച്ചക്കറി വില നിയന്ത്രിക്കാനും കർഷകർക്കു ന്യായവില ഉറപ്പാക്കാനും കൃഷിവകുപ്പ്, ഹോർട്ടികോർപ്, വിഎഫ്പിസികെ എന്നിവയുടെ ഓണച്ചന്തകൾ ജില്ലയിൽ പ്രവർത്തിക്കുന്നുണ്ട്. ഇതു സാധാരണക്കാർക്ക് ആശ്വാസമാണ്.
ഓണസദ്യ, പായസം
ഓണസദ്യ വീട്ടിലൊരുക്കാൻ സമയമില്ലാത്തവർക്കു പല ഹോട്ടലുകളും കേറ്ററിംഗ് സർവീസുകളും ഓണസദ്യ തയാറാക്കി നൽകുന്നുണ്ട്. തിരുവോണ ദിവസം വരെ സദ്യ ലഭ്യമാകും. സദ്യയ്ക്കുള്ള ഇലയുൾപ്പടെയാണ് നൽകുന്നത്. എന്നാൽ, ചില ഹോട്ടലുകൾ സദ്യയ്ക്ക് അമിത വില ഈടാക്കുന്നുവെന്ന പരാതിയുമുണ്ട്. ഓണക്കാലത്തു വില നിയന്ത്രിക്കാൻ യാതൊരു സംവിധാനവുമില്ലാത്തതിനാൽ തോന്നുംപടിയാണ് വില്പന.
പായസ മേളകളാണ് വിപണിയിലെ മറ്റൊരു ആകർഷണം. പാലട, അടപ്രഥമൻ, പരിപ്പ്, ഗോതന്പ് പായസം എന്നിവയാണ് പ്രധാന ഇനങ്ങൾ. ഓണ സദ്യയുടെയും പായസത്തിന്റെയും ബുക്കിംഗിന് ഇന്നലെയും വൻ തിരക്കായിരുന്നു. നഗര പ്രദേശങ്ങളിലാണ് പാഴ്സൽ ഓണസദ്യയ്ക്കു ആവശ്യക്കാർ കൂടുതൽ. ഉപ്പേരി, ശർക്കരവരട്ടി എന്നിവയുടെ വില്പനയും പൊടിപൊടിക്കുന്നു.