"പുഴയോര ബൈപാസ് ഗതാഗതയോഗ്യമാക്കണം'
1589826
Sunday, September 7, 2025 11:31 PM IST
തൊടുപുഴ: പുഴയോര ബൈപാസ് റോഡിന്റെ പ്രവേശന കവാടം പൊളിച്ച് ഗതാഗതയോഗ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. തൊടുപുഴ - പാലാ റോഡിനെയും വെങ്ങല്ലൂർ - കോലാനി ബൈപാസിനെയും ബന്ധിപ്പിക്കുന്ന റോഡ് പൂർണതോതിൽ ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രസിഡന്റ് രാജു തരണിയിലിന്റെ നേതൃത്വത്തിൽ പി.ജെ. ജോസഫ് എംഎൽഎയ്ക്ക് നിവേദനം നൽകി.
വ്യാപാര സ്ഥാപനങ്ങൾ, ആശുപത്രി, സ്കൂൾ, കോണ്‍വെന്റുകൾ തുടങ്ങി നിരവധി സ്ഥാപനങ്ങളിലേക്ക് പോകാനുള്ള പാതയാണ് ഈ റോഡ്.
റോഡ് നിർമാണം പൂർത്തിയാക്കാനാവശ്യമായ പണം ഇതിനോടകം അനുവദിച്ചെന്ന് പറയുന്നു. പിഡബ്ല്യുഡിയുടെ അനാസ്ഥ മൂലമാണ് റോഡ് ഇനിയും തുറന്നുകൊടുക്കുവാൻ സാധിക്കാത്തത്.
റോഡിന്റെ പ്രവേശനകവാടത്തിൽ യാത്രക്കാർക്കും വാഹനങ്ങൾക്കും വെല്ലുവിളിയായി നിൽക്കുന്ന കെട്ടിടം അപകടാവസ്ഥയിലുമാണ്. വിഷയം അടിയന്തരമായി പരിഹരിക്കണമെന്ന് തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ എംഎൽഎയോട് ആവശ്യപ്പെട്ടു.
ഭാരവാഹികളായ സി.കെ. നവാസ്, അനിൽ പീടികപറന്പിൽ, നാസർ സൈര, ഷെരീഫ് സർഗം, കെ.പി. ശിവദാസ്, ജോസ് തോമസ് കളരിക്കൽ, എം.എച്ച്. ഷിയാസ്, ലിജോണ്‍സ് ഹിന്ദുസ്ഥാൻ, ജഗൻ ജോർജ്, സന്തോഷ് കമൽ സ്റ്റുഡിയോ, വി.എസ്. നസീർ എന്നിവർ പങ്കെടുത്തു.