അയ്യപ്പൻകോവിൽ തൂക്കുപാലത്തിൽ സഞ്ചാരികളുടെ തിരക്ക്
1589832
Sunday, September 7, 2025 11:31 PM IST
ഉപ്പുതറ: അയ്യപ്പൻകോവിലിലെ ദുർബലമായ തൂക്കുപാലത്തിൽ ഒരേസമയം 25 പേരിൽ കൂടുതൽ കയറരുതെന്ന ജില്ലാ കളക്ടറുടെ ഉത്തരവ് പാളി. ഇരുവശങ്ങളിലും പോലീസ് നോക്കിനിൽക്കേ അനുവദിച്ചതിലും ഇരട്ടിയിലധികം ആളുകളാണ് തൂക്കുപാലത്തിൽ കയറുന്നത്.
ഓണാവധി ആയതോടെ നൂറുകണക്കിന് വിനോദസഞ്ചാരികളാണ് ഓരോ ദിവസവും തൂക്കുപാലം കാണാനെത്തുന്നത്. ഇരുകരയിലും ഓരോ പോലീസുകാരൻ ഡ്യൂട്ടിയിലുണ്ടെങ്കിലും സഞ്ചാരിക്കളെ നിയന്ത്രിക്കാൻ കഴിയുന്നില്ല. 40ൽ കൂടുതലാളുകൾ പാലത്തിൽ കയറരുതെന്ന് നേരത്തേ ജില്ലാ കളക്ടർ നിർദേശിച്ചിരുന്നു. വർഷങ്ങളായി അറ്റകുറ്റപ്പണികൾ നടത്താത്തതിനാൽ നട്ടും ബോൾട്ടും അയഞ്ഞും കൂട്ടിച്ചേർക്കലുകളിൽ തുരുമ്പെടുത്തും അടുത്തകാലത്ത് തൂക്കുപാലത്തിന് കാര്യമായ ബലക്ഷയം സംഭവിച്ചിട്ടുണ്ട്. അതിനാലാണ് നിയന്ത്രണം നടപ്പിലാക്കാൻ കളക്ടർ ഉത്തരവിട്ടത്.
ഓഗസ്റ്റ് നാല് മുതൽ ഒൻപതുവരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. എന്നാൽ തിരുവോണ ദിവസം മുതൽ നിയന്ത്രണങ്ങളെല്ലാം തകിടംമറിഞ്ഞു. നിയന്ത്രണം ഉറപ്പുവരുത്താൻ കൂടുതൽ പോലീസിനെ നിയോഗിക്കാൻ അധികൃതർ തയാറായുമില്ല.
2012-13ൽ ജില്ലാ റിവർ മാനേജ്മെന്റാണ് 2.5 കോടി രൂപ ചെലവിട്ട് കാഞ്ചിയാർ - അയ്യപ്പൻകോവിൽ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് തൂക്കുപാലം നിർമിച്ചത്. 1.2 മീറ്റർ വീതിയും 200 മീറ്റർ നീളവുമുള്ള തൂക്കുപാലത്തിൽ കയറി ഇടുക്കി ജലാശയത്തിന്റെ വിദൂരദൃശ്യം കാണാൻ നൂറുകണക്കിന് വിനോദസഞ്ചാരികൾ ഇവിടെയെത്തുന്നുണ്ട്. സ്കൂൾ കുട്ടികൾ ഉൾപ്പെടെ കോഴിമല, രാജപുരം, അമ്പലമേട് പ്രദേശങ്ങളിലെ അഞ്ഞൂറോളം കുടുംബങ്ങൾ പുറംലോകത്തെത്തുന്നത് ഇതുവഴിയാണ്.
പുരാതന ധർമശാസ്താ ക്ഷേത്രത്തിലേക്കു പോകുന്നതും ഇതുവഴിയാണ്. പ്രശ്നം പരിഹരിക്കാൻ സഞ്ചാരികളെ നിയന്ത്രിക്കാൻ കൂടുതൽ പോലീസിനെ നിയമിക്കുകയും തൂക്കുപാലം നവീകരിക്കേണ്ടതും അത്യാവശ്യമാണ്.