ആശംസാകാർഡുകൾ വിതരണം ചെയ്തില്ല; പോസ്റ്റ് ഓഫീസിനു മുമ്പിൽ വിദ്യാർഥിനിയുടെ പ്രതിഷേധം
1589831
Sunday, September 7, 2025 11:31 PM IST
നെടുങ്കണ്ടം: അധ്യാപകദിനത്തോടനുബന്ധിച്ച് അധ്യാപകര്‍ക്ക് അയച്ച ആശംസാ കാര്‍ഡുകള്‍ കൃത്യമായി വിതരണം ചെയ്തില്ലെന്ന പരാതിയുമായി നെടുങ്കണ്ടം പോസ്റ്റ്ഓഫീസിനു മുന്പില് ആറാം ക്ലാസുകാരി കുത്തിയിരുന്ന് പ്രതിഷേധിച്ചു. നെടുങ്കണ്ടം പഞ്ചായത്ത് യുപി സ്കൂളിലെ വിദ്യാര്‍ഥിനി ആദിശ്രീയാണ് നെടുങ്കണ്ടം പോസ്റ്റ് ഓഫീസിനു മുന്പില് പ്രതിഷേധിച്ചത്.
കഴിഞ്ഞ നാലു വര്‍ഷമായി എല്ലാ അധ്യാപക ദിനത്തിലും ആദിശ്രീ അധ്യാപകര്‍ക്ക് ആശംസാ കാര്‍ഡുകള്‍ അയയ്ക്കാറുണ്ട്. ഇക്കൊല്ലവും 35 അധ്യാപകര്‍ക്ക് കാര്‍ഡുകള്‍ അയച്ചു.
അധ്യാപകദിനത്തിനു മുന്‍പേ ലഭിക്കാന്‍ ഓഗസ്റ്റ് 30നുതന്നെ നെടുങ്കണ്ടം പോസ്റ്റ്ഓഫീസില്‍നിന്നു കാര്‍ഡുകള്‍ അയച്ചെങ്കിലും നാലാം തീയതിയും പലര്‍ക്കും കാര്‍ഡുകള്‍ ലഭിച്ചില്ല. ഇതറിഞ്ഞതോടെ ആദിശ്രീയും പിതാവും നെടുങ്കണ്ടം പോസ്റ്റ് ഓഫീസില്‍ എത്തുകയായിരുന്നു.
കാര്‍ഡ് ലഭിക്കാത്തത് ചോദ്യംചെയ്തതോടെ അധികൃതര്‍ കൈമലര്‍ത്തിയെന്ന് ആദിശ്രീയുടെ പിതാവ് അനില്‍കുമാര്‍ പറഞ്ഞു. ഇതോടെയാണ് ഒരു മണിക്കൂറോളം ആദിശ്രീ പോസ്റ്റോഫിസിനു മുന്പിലിരുന്ന് പ്രതിഷേധിച്ചത്. ഇരുന്ന സമയത്തിനുള്ളില്‍ പലര്‍ക്കും കാര്‍ഡുകള്‍ വിതരണം ചെയ്തുവെന്ന് അനില്‍കുമാര്‍ പറഞ്ഞു.
രണ്ട് വര്‍ഷം മുന്‍പും സമാന അനുഭവം ഉണ്ടായിട്ടുണ്ടെന്നും ഇത്തവണ അയച്ച പത്തോളം കാര്‍ഡുകള്‍ ഇനിയും ലഭിക്കാനുണ്ടെന്നും സംഭവത്തില്‍ ഉന്നത തപാല്‍ ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുമെന്നും അനില്‍കുമാര്‍ പറഞ്ഞു.
അതേസമയം, ജീവനക്കാരുടെ ഭാഗത്തുനിന്നു വീഴ്ച സംഭവിച്ചിട്ടില്ലെന്ന് പോസ്റ്റ് ഓഫീസ് അധികൃതര്‍ പ്രതികരിച്ചു. പോസ്റ്റ് ഓഫീസ് പരിധിയില്‍ വിതരണം ചെയ്യേണ്ടവ സമയബന്ധിതമായി വിലാസക്കാര്‍ക്ക് നല്‍കിയെന്നും ഇവിടെനിന്ന് അയയ്ക്കേണ്ടവയും കൃത്യമായിത്തന്നെ അയച്ചിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.