ഉത്രാടപ്പാച്ചിലിൽ കച്ചവടം പൊടിപൂരം
1589280
Thursday, September 4, 2025 11:40 PM IST
തൊടുപുഴ: ഉത്രാടത്തിനു പൂരത്തിരക്ക്. ഇന്ന് ഓണം ആഘോഷിക്കാനുള്ള മുന്നൊരുക്കങ്ങൾക്കായി ജനങ്ങൾ കൂട്ടത്തോടെ ഉത്രാടപ്പാച്ചിലിനിറങ്ങിയപ്പോൾ നാടും നഗരവും വൻ തിരക്കിലമർന്നു. ഓണസദ്യ ഒരുക്കാനുള്ള തയാറെടുപ്പുകൾക്കായുള്ള സാധനങ്ങൾ വാങ്ങാനാണ് ജനങ്ങൾ കുടുംബസമേതം ടൗണുകളിലേക്കെത്തിയത്. ഇതോടെ പ്രധാനപ്പെട്ട ടൗണുകളിലെല്ലാംതന്നെ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. ഓണത്തോടനുബന്ധിച്ച് ഏറ്റവും വലിയ വ്യാപാരം നടക്കുന്ന ദിവസമായിരുന്നു ഉത്രാടദിനമായ ഇന്നലെ.
തൂശനില മുതൽ
സദ്യ വിളന്പാനുള്ള തൂശനില മുതൽ വില്പനയ്ക്കുണ്ടായിരുന്നു. പതിവിൽനിന്നു ഭിന്നമായി പച്ചക്കറിക്കു വില കാര്യമായി ഉയരാത്തതു ജനങ്ങൾക്ക് ആശ്വാസമായി. വഴിയോരക്കച്ചവടവും തകൃതിയായി നടന്നു. ഇവിടെ വലിയ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. പച്ചക്കറിവില നിയന്ത്രിക്കാൻ കൃഷിവകുപ്പ്, ഹോർട്ടികോർപ്, വിഎഫ്പിസികെ എന്നിവയുടെ നേതൃത്വത്തിൽ ആരംഭിച്ച ഓണച്ചന്തകളും ഇന്നലെ വരെ പ്രവർത്തിച്ചു.
ചെറുതും വലുതുമായ വസ്ത്ര വ്യാപാര സ്ഥാപനങ്ങളിൽ ഓണക്കച്ചവടം പൊടി പൊടിച്ചു. ഓണക്കോടി വാങ്ങാൻ കുട്ടികളടക്കമുള്ളവർ കടകളിലേക്കെത്തി. കുട്ടികൾക്കായുള്ള ഓണ മുണ്ടുകളുടെയും പല വർണങ്ങളിലുള്ള ഷർട്ടുകളുടെയും കസവു സാരികളുടെയും മുണ്ടുകളുടെയും വിൽപ്പന വൻ തോതിലാണ് നടന്നത്. കസവ് ഉത്പന്നങ്ങളുടെ ഏറ്റവും വലിയ വില്പന നടക്കുന്ന സമയമാണ് ഓണക്കാലം.
മുല്ലപ്പൂ മുഴം കണക്കിൽതന്നെ
പൂക്കളുടെ വില്പനയും സജീവമായിരുന്നു. മുല്ലപ്പൂവിനും മറ്റും വലിയ വിലയാണ് കച്ചവടക്കാർ ഈടാക്കിയത്. മുല്ലൂപ്പ മുഴം കണക്കിനു നൽകാതെ മീറ്റർ കണക്കിനു നൽകണമെന്ന ലീഗൽ മെട്രോളജി വകുപ്പിന്റെ നിർദേശം ആരും കണക്കിലെടുത്തില്ല. എല്ലായിനം പൂക്കൾക്കും വില വർധിച്ചിരുന്നു.
ഓണസദ്യ തയാറാക്കാൻ കഴിയാത്തവർക്ക് ഇന്നു വിവിധ ഹോട്ടലുകളും കേറ്ററിംഗ് സ്ഥാപനങ്ങളും പാഴ്സലായി സദ്യ വീട്ടിലെത്തിച്ചു നൽകും. ഹോട്ടലുകളിലെത്തി സദ്യ കഴിക്കാനും വിപുല ക്രമീകരണമൊരുക്കിയിട്ടുണ്ട്. തിരക്ക് കണക്കിലെടുത്ത് ടൗണുകളിൽ പോലീസ് പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു.