അയ്യപ്പൻകോവിൽ തൂക്കുപാലത്തിൽ നിയന്ത്രണം
1589018
Wednesday, September 3, 2025 11:02 PM IST
ഇടുക്കി: കാഞ്ചിയാർ, അയ്യപ്പൻകോവിൽ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന അയ്യപ്പൻകോവിൽ തൂക്കുപാലത്തിൽ ഒരേസമയം 25 പേരിൽ കൂടുതൽ കയറുന്നത് നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവിട്ടു. അറ്റകുറ്റപ്പണികൾ നടത്താത്തതിനാൽ നട്ടും ബോൾട്ടും അയഞ്ഞും കൂട്ടിച്ചേരലുകളിൽ തുരുന്പ് പിടിച്ചും തൂക്കുപാലത്തിന് ബലക്ഷയം ഉണ്ടായിട്ടുണ്ട്.
ഓണം പ്രമാണിച്ച് ധാരാളം വിനോദസഞ്ചാരികൾ എത്തിച്ചരുമെന്നതിനാൽ അപകടം ഒഴിവാക്കാനാണ് നിയന്ത്രണം. ഉത്തരവ് കർശനമായി നടപ്പിലാക്കുന്നതിന് ജില്ലാ പോലീസ് മേധാവി, ഇടുക്കി തഹസിൽദാർ, കാഞ്ചിയാർ, അയ്യപ്പൻകോവിൽ പഞ്ചായത്ത് സെക്രട്ടറിമാർ എന്നിവരെ ചുമലതപ്പെടുത്തി.
അവധിദിനങ്ങളായ ഇന്നു മുതൽ ഒൻപതു വരെയുള്ള തീയതികളിൽ പാലത്തിന്റെ ഇരുവശത്തും പോലീസ് ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് നിയോഗിക്കും. പാലത്തിൽ ഒരേസമയം 25 പേരിൽ കൂടുതൽ കയറുന്നില്ലെന്ന് ഉറപ്പു വരുത്തും.
ഒരേസമയം 40 പേരിൽ കൂടുതൽ ആളുകൾ പാലത്തിൽ കയറുന്നത് നേരത്തേ നിരോധിച്ചിരുന്നു. 120 മീറ്റർ വീതിയും, 200 മീറ്റർ നീളവുമുള്ള തൂക്കുപാലത്തിൽ കയറി ഇടുക്കി ജലാശയത്തിന്റെ റിസർവോയറിന്റെ ദൃശ്യഭംഗി ആസ്വദിക്കാൻ ദിവസവും നൂറുകണക്കിന് വിനോദസഞ്ചാരികളാണ് ഇവിടെയെത്തുന്നത്.