ഭൂപതിവ്: സെക്രട്ടേറിയറ്റിനു മുൻപിൽ സത്യഗ്രഹസമരവുമായി വ്യാപാരികൾ
1589828
Sunday, September 7, 2025 11:31 PM IST
തൊടുപുഴ: ഭൂപതിവ് ചട്ടഭേദഗതിയുടെ ഭാഗമായി കൊണ്ടുവന്ന ചട്ടങ്ങളിൽ ജനദ്രോഹപരമായവ ഒഴിവാക്കുന്നതിനു നടപടി സ്വീകരിക്കണമെന്ന് കേരള വ്യാപാരിവ്യവസായി ഏകോപന സമിതി ജില്ലാ ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ഭേദഗതിയിലൂടെ നേരത്തേ എല്ലാ നിയമങ്ങളും പാലിച്ച് പട്ടയ ഭൂമിയിൽ കഴിഞ്ഞ 65 വർഷങ്ങളായി നിർമിച്ച കെട്ടിടങ്ങളാണ് വൻ പിഴയൊടുക്കി ക്രമവത്കരിക്കേണ്ടിവരുന്നത്. 1960-ലെ ഭൂ പതിവ് നിയമത്തിന്റെ പരിധിയിൽ കൊണ്ടുവന്നിട്ടുള്ള ചട്ടങ്ങളനുസരിച്ച് പതിച്ചു കൊടുത്തിട്ടുള്ള ഭൂമിയുടെ ഉടമസ്ഥരെയും അവരുടെ പിന്തുടർച്ചക്കാരെയും അവരിൽനിന്ന് വിലയ്ക്ക് വാങ്ങിയിട്ടുള്ള കൈവശക്കാരെയും ഉൾപ്പെടെ വാണിജ്യ ആവശ്യത്തിന് കെട്ടിടങ്ങൾ നിർമിച്ചവരെയും ഗുരുതരമായി ബാധിക്കുന്നതാണ് 2023-ലെ പട്ടയ നിയമ ഭേദഗതിയും പുതിയ ചട്ടങ്ങളും.
നിലവിൽ വിപണിവിലയേക്കാൾ കൂടിയ ന്യായവില രേഖപ്പെടുത്തിയ പല സ്ഥലങ്ങളും കേരളത്തിലുണ്ട്. ഇതുമൂലം ക്രമവത്കരണത്തിന് ഏർപ്പെടുത്തിയിട്ടുള്ള വിവിധ സ്ലാബുകൾ അശാസ്ത്രീയവും വൻ ബാധ്യത വരുത്തുന്നതുമാണ്.1960-ലെ നിയമത്തിന്റെ അടിസ്ഥാനത്തിൽ ഉണ്ടാക്കിയിട്ടുള്ള ചട്ടങ്ങൾ പ്രകാരം പതിച്ചുനൽകിയിട്ടുള്ള ഭൂമിയിൽ പുതിയ നിർമിതികൾ നടത്തുന്നതിന് അനുമതിയില്ല.
ഇക്കാരണത്താൽ നിയമ ഭേദഗതിയും ചട്ടങ്ങളും ഉണ്ടായപ്പോഴും നിർമാണ നിരോധനത്തിന് പരിഹാരം ഉണ്ടായിട്ടില്ല. നിലവിലിരിക്കുന്ന നിയമങ്ങൾക്കും വ്യവസ്ഥകൾക്കും അനുസൃതമായി കെട്ടിട നിർമാണങ്ങൾ അനുവദിക്കുമെന്ന് പറയുന്നതിന് പകരം സർക്കാരിന് ബോധ്യപ്പെട്ടാൽ കെട്ടിടം നിർമിക്കാൻ അനുമതി നൽകും എന്ന് പറയുന്നത് ഉദ്യോഗസ്ഥ അഴിമതിക്കും സ്വജന പക്ഷപാതത്തിനും വഴിയൊരുക്കും.
അന്തഃസത്ത അട്ടിമറിച്ചു
1960-ലെ പട്ടയ നിയമത്തിന്റെ അന്തഃസത്ത തന്നെ നിയമ ഭേദഗതിയിലൂടെ അട്ടിമറിക്കപ്പെട്ടിരിക്കുന്നു എന്നതാണ് യാഥാർഥ്യം. ഭൂമിയുടെ മൂല്യം കുറയുന്നത് മൂലം അധിക ഈടു വസ്തു ആവശ്യപ്പെടാൻ ബാങ്കുകൾ നിർബന്ധിതരാവും.വൻ പിഴയടയ്ക്കേണ്ടിവരുന്ന കെട്ടിട ഉടമയ്ക്കുണ്ടാകുന്ന അധികഭാരം വാടകക്കാരിലേക്കും നീളും. കർഷകരെയും ഇതു പ്രതികൂലമായി ബാധിക്കും. കർഷകരുടെ കൈവശമുള്ള ഭൂമി റോഡ്, ടൂറിസം വികസനം വളർന്നുവരുന്പോൾ വാണിജ്യ മൂല്യമുള്ളതായി മാറുന്ന സാഹചര്യം നിയമഭേദഗതിയിലൂടെ തടഞ്ഞിരിക്കുകയാണ്.
പുതിയ ചട്ടം വന്നാലും വാണിജ്യാവശ്യത്തിനു ഉപയോഗിക്കണമെങ്കിൽ വലിയ തുക ഫീസ് അടച്ച് ഭൂമി തരം മാറ്റേണ്ടി വരും. നിർമാണ പ്രവർത്തനങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതോടെ നേരിട്ടും അല്ലാതെയുമുള്ള തൊഴിൽ മേഖലകൾ പ്രതിസന്ധിയിലാവുകയും തൊഴിലാളികൾക്ക് ഉപജീവനമാർഗം പോലും ഇല്ലാതാവുകയും ചെയ്യും.
2024 ജൂണ് ഏഴുവരെ നിർമിച്ചിട്ടുള്ളവയ്ക്കു മാത്രമേ നിയമ ഭേദഗതി ബാധകമാകൂ. ഇടുക്കിയിൽ ഇനിയും ലഭിക്കാനുള്ള ഒരു ലക്ഷം പട്ടയങ്ങൾ നിയമത്തിന് പുറത്താകുന്പോൾ പട്ടയമില്ലാത്ത ഇടുക്കിയിലെ 50ശതമാനം വ്യാപാര സ്ഥാപനങ്ങളും നിയമവിരുദ്ധ നിർമാണമായി മുദ്രയടിക്കപ്പെടും. നിയമങ്ങളും വ്യവസ്ഥകളും പാലിച്ച് സർക്കാർ നിശ്ചയിച്ച എല്ലാ ഫീസുകളും അടച്ച് നിർമിക്കപ്പെട്ട കെട്ടിടങ്ങൾ മറ്റൊരു നിയമത്തിലൂടെ നിയമവിരുദ്ധമാക്കുകയും അതിനു പിഴ അടയ്ക്കാൻ നിർബന്ധിക്കുകയും ചെയ്യുന്നത് ഭരണഘടനാവിരുദ്ധമാണ്.
ബാധ്യത അടിച്ചേൽപ്പിക്കും
സങ്കീർണതകൾ നിറഞ്ഞതും ജനങ്ങളുടെ മേൽ സാന്പത്തിക ബാധ്യതകൾ അടിച്ചേൽപ്പിക്കുന്നതുമായ പുതിയ ചട്ടത്തിലെ വ്യവസ്ഥകൾ പിൻവലിച്ച് 1964ലെ ചട്ടം നാലിൽ ഉൾപ്പെടെ 12 വിവിധ ചട്ടങ്ങളിൽ വീടിനും കൃഷിക്കും എന്നു പറയുന്ന ഭാഗത്ത് മുൻകാലപ്രാബല്യത്തോടെ മറ്റാവശ്യങ്ങൾക്കും എന്ന് രേഖപ്പെടുത്തി പുതിയ ചട്ടം കൊണ്ടുവന്ന് പ്രശ്നം പരിഹരിക്കാൻ തയാറാകണമെന്നതാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആവശ്യം.
ഈ വിഷയം ഉന്നയിച്ച് പതിനഞ്ചിന് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നിൽ രാവിലെ 11 മുതൽ സത്യഗ്രഹ സമരം നടത്തും.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ പ്രസിഡന്റ് സണ്ണി പൈന്പിള്ളിൽ പത്ര സമ്മേളനത്തിൽ അറിയിച്ചു.
ചട്ടഭേദഗതിയുമായി ബന്ധപ്പെട്ടുള്ള ജനകീയ ബോധവത്കരണത്തിന്റെ ഭാഗമായി ഒന്പതിന് നെടുങ്കണ്ടം, പത്തിന് രാജാക്കാട്, രാജകുമാരി, 11നു കുമളി, കട്ടപ്പന, 12നു അടിമാലി എന്നിവിടങ്ങളിൽ യോഗങ്ങൾ നടത്തും.
പത്ര സമ്മേളനത്തിൽ ജില്ലാ വർക്കിംഗ് പ്രസിഡന്റ് കെ.ആർ. വിനോദ്, സെക്രട്ടേറിയറ്റ് മെംബർ ഡയസ് ജോസ്, തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ടി.സി. രാജു, ട്രഷറർ ആർ. രമേശ്, ഓർഗനൈസർ സിബി കൊല്ലംകുടി, നിയോജക മണ്ഡലം പ്രസിഡന്റ് എൻ.പി. ചാക്കോ, ജില്ലാ സെക്രട്ടേറിയറ്റംഗം സി.കെ. നവാസ് എന്നിവർ പങ്കെടുത്തു.