ശിഷ്യർക്ക് ഓണസമ്മാനം ലിൻസി ടീച്ചറുടെ വക വീട്
1589289
Thursday, September 4, 2025 11:40 PM IST
കട്ടപ്പന: മുരിക്കാട്ടുകുടി ഗവണ്മെന്റ് ട്രൈബൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്രൈമറി വിഭാഗം അധ്യാപിക ലബ്ബക്കട കൊച്ചുപറന്പിൽ സെബാസ്റ്റ്യന്റെ ഭാര്യ ലിൻസി ജോർജ് ഈ വർഷത്തെ തിരുവോണ-അധ്യാപകദിനത്തിൽ സ്കൂളിലെ രണ്ടു വിദ്യാർഥികൾക്കായി നിർമിച്ച പുതിയ വീടിന്റെ താക്കോൽ സമ്മാനിക്കും. ഏഴരലക്ഷത്തിലധികം രൂപ ചെലവിൽ വിദ്യാർഥികൾക്കായി നിർമിച്ച വീടിന്റെ കൈമാറ്റം ഇന്ന് രാവിലെ എട്ടിന് കോഴിമലയിൽ നടക്കും.
കാൻസർ ബാധിച്ച് മാതാവിനെ നഷ്ടപ്പെട്ട ആറ്, പത്ത് ക്ലാസുകളിലെ വിദ്യാർഥികൾ മാതൃസഹോദരിയുടെ സംരക്ഷണത്തിലാണ് കഴിഞ്ഞിരുന്നത്. പ്രായാധിക്യവും രോഗബാധിതനുമായ വല്യപ്പനും കിടപ്പുരോഗിയായ വല്യമ്മയ്ക്കുമൊപ്പംചോർന്നൊലിക്കുന്ന മണ്കട്ട വീട്ടിൽ കഴിയേണ്ടി വന്ന ഇവരുടെ ദുരവസ്ഥ അധ്യാപകരായ ടി.സി. വിജിയും ലിൻസി ജോർജും ഭവനസന്ദർശനത്തിനിടെ മനസിലാക്കി. ഇക്കാര്യം ലിൻസി അമേരിക്കയിലെ ചിക്കാഗോയിൽ താമസിക്കുന്ന വൈക്കം സ്വദേശികളായ റീത്ത ജോർജ്, ആന്റണി ജോർജ് ദന്പതികളെ അറിയിച്ചു. തുടർന്ന് ഇവരുടെ മകൾ എമി ജോർജിന്റെ സഹായത്താലാണ് വീടിന്റെ നിർമാണം സാധ്യമായത്.
ലിൻസി ജോർജിന്റെ നേതൃത്വത്തിൽ സുമനസുകളുടെ സഹായത്തോടെ പത്ത് വീടുകളാണ് സാമൂഹ്യ പ്രതിബദ്ധതയോടെ ഇതുവരെ മുരിക്കാട്ടുകുടി സ്കൂളിലെയും സമീപ സ്കൂളിലെയും വിദ്യാർഥികൾക്കായി നിർമിച്ചുനൽകിയത്. വിദ്യാഭ്യാസത്തിനൊപ്പം വിദ്യാർഥികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ നിരവധി പദ്ധതികളും നടപ്പാക്കിയിട്ടുണ്ട്.