ഇടുക്കി മരിയൻ തീർഥാടനം: ഒരുക്കങ്ങൾ പൂർത്തിയായി
1589026
Wednesday, September 3, 2025 11:02 PM IST
ചെറുതോണി: ഇടുക്കി രൂപത അഞ്ചാമത് മരിയൻ തീർഥാടനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ അറിയിച്ചു. ആറിന് രൂപതയുടെ വിവിധ ഇടവകകളിൽനിന്നുള്ള ആയിരക്കണക്കിന് വിശ്വാസികൾ രാജാക്കാട് ക്രിസ്തുരാജാ ഫൊറോനാ പള്ളിയിൽനിന്നു രാജകുമാരി ദൈവമാതാ തീർഥാടന ദേവാലയത്തിലേക്ക് കാൽനടയായി എത്തും. ബിഷപ് മാർ ജോൺ നെല്ലിക്കുന്നേൽ തീർഥാടനത്തിന് നേതൃത്വം നൽകും.
തീർഥാടനം ഉച്ചയ്ക്ക് ഒന്നിന് രാജകുമാരി പള്ളിയിൽ എത്തിച്ചേരും. തുടർന്ന് സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ്് മാർ റാഫേൽ തട്ടിലിന്റെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കും. രൂപതയിലെ മുഴുവൻ വൈദികരും സഹകാർമികരാകും. തീർഥാടനത്തിൽ എത്തിച്ചേരുന്ന മുഴുവൻ ആളുകൾക്കും നേർച്ചക്കഞ്ഞിയും ക്രമീകരിച്ചിട്ടുണ്ട്.
തീർഥാടനത്തിന്റെ ഭാഗമായി അടിമാലി സെന്റ് ജൂഡ് ഫൊറോനാ ദൈവാലയത്തിൽ നിന്ന് അഞ്ചിന് ഉച്ചകഴിഞ്ഞ് മൂന്നിന് ഇടുക്കി രൂപതാധ്യക്ഷന്റെ നേതൃത്വത്തിൽ കാൽനട തീർഥാനം ആരംഭിക്കും. അടിമാലി, ആയിരമേക്കർ, കല്ലാർകുട്ടി, വെള്ളത്തൂവൽ, പന്നിയാർകുട്ടി വഴി തീർഥാടനം രാത്രി രാജാക്കാട് പള്ളിയിൽ എത്തും. ആറിനു രാവിലെ 9.30ന് പ്രത്യേക പ്രാർഥനകൾക്ക് ശേഷം തീർഥാടനം ആരംഭിക്കും.
പതിനായിരത്തിലധികം വിശ്വാസികൾ തീർത്ഥാടനത്തിൽ പങ്കെടുക്കും. ആയിരങ്ങൾ ത്യാഗപൂർവം കാൽനടയായി നടത്തുന്ന തീർഥാടനം ഹൈറേഞ്ചിന് ആത്മീയ ഉണർവിന് കാരണമാകുമെന്ന് മാർ ജോൺ നെല്ലിക്കുന്നേൽ പറഞ്ഞു. ഇടുക്കി രൂപത കാര്യാലയത്തിൽ നടന്ന യോഗത്തിൽ വികാരി ജനറാൾമാരായ മോൺ. ജോസ് കരിവേലിക്കൽ, മോൺ. ഏബ്രഹാം പുറയാറ്റ്, മോൺ. ജോസ് നരിതൂക്കിൽ, ഫാ. ജിൻസ് കാരക്കാട്ട് എന്നിവർ പ്രസംഗിച്ചു.
ഗതാഗത-പാർക്കിംഗ്
ക്രമീകരണം
ഇടുക്കി രൂപതയുടെ നേതൃത്വത്തിൽ രാജാക്കാട് ക്രിസ്തുരാജ ഫൊറോന പള്ളിയിൽനിന്നു രാജകുമാരി ദൈവമാതാ പള്ളിയിലേക്ക് ആറിനു നടക്കുന്ന അഞ്ചാമത് മരിയൻ തീർഥാടനത്തിനുള്ള ഗതാഗത -പാർക്കിംഗ് ക്രമീകരണം.
കല്ലാർകുട്ടി, പന്നിയാർകുട്ടി ഭാഗങ്ങളിൽനിന്നു വരുന്ന ചെറിയ വാഹനങ്ങൾ രാജാക്കാട് പെട്രോൾ പമ്പിന് തൊട്ടുമുമ്പ് ഇടത്തേക്ക് തിരിഞ്ഞ് പഞ്ചായത്ത് റോഡ് വഴി ഗവൺമെന്റ് സ്കൂൾ ഗ്രൗണ്ടിൽ തീർഥാടകരെ ഇറക്കി അവിടെ പാർക്ക് ചെയ്യണം.
മുല്ലക്കാനം ഭാഗത്തുനിന്നു വരുന്ന ചെറിയ വാഹനങ്ങൾ രാജാക്കാട് എൻഎസ്എസ് ബിൽഡിംഗിന് മുന്നിൽ തീർഥാടകരെ ഇറക്കി വലത്തേക്ക് തിരിഞ്ഞ് ക്ഷേത്രം റോഡിലൂടെ പ്രവേശിച്ച് സ്കൂൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം.
തിങ്കൾക്കാട്, സ്ലീവാമല, കുത്തുങ്കൽ, പഴയവിടുതി ഭാഗങ്ങളിൽനിന്ന് വരുന്ന ചെറിയ വാഹനങ്ങൾ ബസ് സ്റ്റാൻഡിൽ തീർഥാടകരെ ഇറക്കി അവിടെ ഒതുക്കി പാർക്ക് ചെയ്യണം.
രാവിലെ 10 മുതൽ തീർഥാടനം സമാപിക്കുന്നത് വരെ പൂപ്പാറ ഭാഗത്തുനിന്ന് രാജാക്കാട് ഭാഗത്തേക്ക് പോകുന്ന ഭാരവാഹനങ്ങൾ കുരുവിളാസിറ്റിയിൽനിന്ന് കടുക്കാസിറ്റി ഖജനാപ്പാറ വഴി രാജാക്കാട്ടേക്ക് പോകണം.
10ന് തീർഥാടനം ആരംഭിച്ചതിന് ശേഷം രാജകുമാരി ഭാഗത്തേക്ക് പോകേണ്ട എല്ലാ വാഹനങ്ങളും മാങ്ങാത്തൊട്ടി വഴിയും ശാന്തമ്പാറ ഭാഗത്തേക്കുള്ള വാഹനങ്ങൾ സേനാപതി വഴിയും പോകേണ്ടതാണ്. രാജകുമാരിയിൽനിന്നു രാജാക്കാട് ഭാഗത്തേക്കുള്ള വാഹനങ്ങൾ ഇടതുവശം ചേർന്ന് ഒറ്റവരിയായി പോകണം.
10ന് മുമ്പായി തീർഥാടകരുമായി രാജാക്കാട് വരുന്ന വലിയ വാഹനങ്ങൾ രാജാക്കാട്ട് ആളെ ഇറക്കിയശേഷം രാജാക്കാട് ക്രിസ്തുജ്യോതി സ്കൂൾ ഗ്രൗണ്ടിലോ രാജകുമാരിയിലെ നിർദിഷ്ട പാർക്കിംഗ് ഗ്രൗണ്ടുകളിലോ പാർക്കു ചെയ്യേണ്ടതാണ്.
നിർദേശം ലഭിക്കുന്നതനുസരിച്ച് പളളിയിലെത്തി തീർഥാടകരെ കൊണ്ടുപോകുകയും ചെയ്യണം.
തീർഥാടനം ആരംഭിച്ചതിന് ശേഷമെത്തുന്ന വാഹനങ്ങൾ റാലിയുടെ പിന്നിലായി മാത്രം രാജകുമാരിക്ക് വരേണ്ടതാണ്. തീർഥാടനത്തിന് രാജാക്കാട്ടെത്തുന്ന ചെറുവാഹനങ്ങൾ രാജാക്കാടുളള പാർക്കിംഗ് ഗ്രൗണ്ടുകളിൽ പാർക്കുചെയ്യേണ്ടതാണ്.
രാജാക്കാട്ടെത്തുന്ന വൈദികരുടെ വാഹനങ്ങൾ രാജാക്കാട് പാരീഷ് ഹാളിന് സമീപമുളള ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം. തീർഥാടകരെ രാജകുമാരിയിൽനിന്നു ബസിൽ തിരികെ രാജാക്കാട്ടെത്തിക്കുന്നതിന് 12 ബസുകൾ ക്രമീകരിച്ചിട്ടുണ്ട്.
രാജകുമാരിയിൽ എത്തുന്ന വൈദികരുടെ വാഹനങ്ങൾ രാജകുമാരി പള്ളി ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം. പോലീസിന്റെയും േവാളണ്ടിയേഴ്സിന്റെയും നിർദേശങ്ങൾ തീർഥാടകർ അനുസരിക്കണമെന്നും ഭാരവാഹികൾ അറിയിച്ചു.
പാർക്കിംഗ് സ്ഥലങ്ങൾ
രാജാക്കാട് മേഖല
ഗവ.ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ട് (രാജാക്കാട്), ക്രിസ്തുജ്യോതി സ്കൂൾ ഗ്രൗണ്ട് (രാജാക്കാട്), രാജാക്കാട് ബസ് സ്റ്റാൻഡ് ഗ്രൗണ്ട്
രാജകുമാരി മേഖല
സെന്റ്് മേരീസ് സെൻട്രൽ സ്കൂൾ ഗ്രൗണ്ട് (രാജകുമാരി), ഗവ. വിഎച്ച്എസ്എസ് ഗ്രൗണ്ട് (രാജകുമാരി നോർത്ത്), സെന്റ് ജോൺസ് യാക്കോബായ പള്ളി ഗ്രൗണ്ട് (രാജകുമാരി നോർത്ത്), സെന്റ് ജോർജ് പബ്ലിക് സ്കൂൾ ഗ്രൗണ്ട് (കുരുവിളാസിറ്റി), മാർ. മാത്യൂസ് പബ്ലിക് സ്കൂൾ ഗ്രൗണ്ട് (മുരിക്കുംതൊട്ടി), മോണ്ട്ഫോർട്ട് വാലി സ്കൂൾ ഗ്രൗണ്ട് (മുരിക്കുംതൊട്ടി).