ഓണം മൂഡ്: ആഘോഷിക്കാൻ എത്തിയത് 81,105 സന്ദർശകർ
1589824
Sunday, September 7, 2025 11:31 PM IST
തൊടുപുഴ: ഇടവിട്ടു പെയ്ത മഴ ആഘോഷങ്ങളുടെ പൊലിമ കുറച്ചെങ്കിലും ഓണാവധി ആഘോഷിക്കാൻ ജില്ലയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. ഓണത്തോടനുബന്ധിച്ച് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെല്ലാം വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
ഉത്രാടം മുതൽ അവിട്ടം വരെയുള്ള ദിവസങ്ങളിലാണ് വലിയ തോതിൽ സന്ദർശകർ എത്തിയത്. ഓണത്തിനു പിറ്റേന്ന് വാഗമണ്‍, പാഞ്ചാലിമേട്, രാമക്കൽമേട് എന്നിവിടങ്ങളിലേക്ക് സന്ദർശകപ്രവാഹമായിരുന്നു.
ഈ മാസം ഒന്നുമുതൽ ആറു വരെ ഡിടിപിസിയുടെ നിയന്ത്രണത്തിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കെത്തിയത് 81,105 സന്ദർശകരാണ്. ഓണത്തിനു പിറ്റേന്നാണ് ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തിയത്. 32,689 പേരാണ് അന്നു മാത്രം ജില്ലയിലെ 10 വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് എത്തിയത്.
ഓണത്തിന് 15,295 പേരും ഉത്രാടനാളിൽ 9,575 പേരും സന്ദർശനം നടത്തി. വാഗമണ്ണിന്റെ മനം മയക്കുന്ന ദൃശ്യസൗന്ദര്യം ആസ്വദിക്കാനാണ് കൂടുതൽ പേരും എത്തിയത്.
മൊട്ടക്കുന്ന്, അഡ്വഞ്ചർ പാർക്ക് എന്നിവിടങ്ങളിലേക്ക് സഞ്ചാരികളുടെ ഒഴുക്കായിരുന്നു. ഓണത്തിന് വാഗമണ്‍ മൊട്ടക്കുന്നിൽ 4017 പേരും പിറ്റേന്ന് 10,195 പേരും സന്ദർശനം നടത്തി. അഡ്വഞ്ചർ പാർക്കിൽ ഓണത്തിന് 4274 പേരും പിറ്റേന്ന് 5702 സന്ദർശകരും എത്തി. രാമക്കൽമേട്ടിൽ ഒന്നു മുതൽ ആറു വരെ സന്ദർശനം നടത്തിയത് 7026 സഞ്ചാരികളാണ്.
മാട്ടുപ്പെട്ടി-2318, അരുവിക്കുഴി- 1172, ശ്രീനാരായണപുരം-4101, പാഞ്ചാലിമേട്-8093, ഹിൽവ്യൂപാർക്ക് -5273, മൂന്നാർ ബൊട്ടാണിക്കൽ ഗാർഡൻ- 6098, ആമപ്പാറ-2222 എന്നിങ്ങനെയാണ് ഡിടിപിസിയുടെ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്തിയവരുടെ കണക്ക്. കഴിഞ്ഞ വർഷം ഓണം നാളുകളിൽ എത്തിയതിനേക്കാൾ കൂടുതൽ സന്ദർശകർ ഇത്തവണ ജില്ലയിൽ എത്തിയതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
കഴിഞ്ഞ വർഷം ഓണത്തിന് 13,724 പേർ സന്ദർശിച്ചപ്പോൾ ഈ വർഷം 15,295 പേരാണ് ഓണനാളിൽ വിവിധ ടൂറിസം കേന്ദ്രങ്ങൾ സന്ദർശിച്ചത്. അവിട്ടം നാളിൽ കഴിഞ്ഞ വർഷം 27725 പേർ എത്തിയ സ്ഥാനത്ത് ഈ വർഷം 32689 പേരെത്തി
ഏതാനും മാസങ്ങളായി പ്രതികൂല കാലാവസ്ഥ മൂലം പ്രതിസന്ധി നേരിടുകയായിരുന്ന ജില്ലയിലെ ടൂറിസം മേഖലയ്ക്ക് ഉണർവു നൽകാൻ ഓണം നാളുകൾക്കായി.
എന്നാൽ, കാലാവസ്ഥ പ്രതികൂലമായതിനാൽ പ്രതീക്ഷിച്ച അത്രയും സന്ദർശകരുടെ ഒഴുക്ക് ഇത്തവണ ഓണത്തിന് ഉണ്ടായില്ലെന്ന് ടൂറിസം രംഗത്ത് പ്രവർത്തിക്കുന്നവർ പറഞ്ഞു. ഇതിനു പുറമേ വനംവകുപ്പിന്റെ നിയന്ത്രണത്തിലുള്ള തേക്കടി, ഇരവികുളം ദേശീയോദ്യാനം, തൊമ്മൻകുത്ത്, മലങ്കര, അയ്യപ്പൻകോവിൽ, ആനയിറങ്കൽ എന്നിവിടങ്ങളിലും ഒട്ടേറെ സന്ദർശകർ ഓണത്തോടനുബന്ധിച്ച് അവധി ആഘോഷിക്കാനെത്തി.
ഇടുക്കി, ചെറുതോണി ഡാമുകൾ സന്ദർശിക്കാൻ ഓണക്കാലത്ത് അവസരം ലഭിച്ചതോടെ ഇവിടേക്ക് കുടുംബസമേതം ആളുകൾ എത്തി.
ഈ മാസം ഒന്നിനാണ് ഇടുക്കി, ചെറുതോണി അണക്കെട്ടുകൾ കാണാൻ സന്ദർശകർക്ക് അനുമതി നൽകിയത്.
നവംബർ 30 വരെ സന്ദർശിക്കാൻ അനുമതിയുണ്ട്. സന്ദർശകർക്കായി ബോട്ടിംഗും ഒരുക്കിയിട്ടുണ്ട്. മുതിർന്നവർക്ക് 150 രൂപയും കുട്ടികൾക്ക് 100 രൂപയുമാണ് ഡാം സന്ദർശനകത്തിന് ഈടാക്കുന്നത്.
ഓണത്തോടനുബന്ധിച്ച് കേരള -തമിഴ്നാട് അതിർത്തിയായ കന്പത്തെ മുന്തിരിപ്പാടങ്ങൾ സന്ദർശിക്കാനും മലയാളി കുടുംബങ്ങൾ കൂട്ടത്തോടെയെത്തി. പന്തലുകളിൽ പഴുത്തു പാകമായിക്കിടക്കുന്ന മുന്തിരിക്കുലകൾ കാണാൻ ആയിരക്കണക്കിന് സന്ദർശകരാണ് കന്പത്തെ മുന്തിരിപ്പാടങ്ങളിലേക്ക് ഒഴുകിയെത്തിയത്.