ഭൂപതിവ് ചട്ടഭേദഗതി ഇടതു സർക്കാരിന്റെ ജനവഞ്ചന
1589017
Wednesday, September 3, 2025 11:02 PM IST
തൊടുപുഴ: 2023ൽ നിയമസഭ പാസാക്കിയ ഭൂപതിവ് ഭേദഗതി ബില്ലിന് ഗവർണർ അനുമതി നൽകി ഒരു വർഷത്തിന് ശേഷം ഉണ്ടാക്കിയ ചട്ടങ്ങൾ ജനവിരുദ്ധവും തുല്യനീതി നടപ്പാക്കാത്തതുമാണെന്ന് കേരള കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് പ്രഫ. എം.ജെ. ജേക്കബ്. പുതുതായി നിർമിച്ച ചട്ടങ്ങൾ ജില്ലയിലെ ഭൂപ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാക്കിയിരിക്കുകയാണ്.
1964ലെയും 1993ലെയും ചട്ടപ്രകാരമുള്ള പട്ടയസ്ഥലത്ത് നിലവിലുള്ള എല്ലാ നടപടികളും പൂർത്തീകരിച്ചാണ് കെട്ടിടങ്ങൾ നിർമിച്ചിരിക്കുന്നത്. പുതിയ ചട്ടങ്ങൾ വന്നതോടെ കർഷകന്റെ കൈവശമുള്ള ഭൂമിയിൽ പുതുതായി നിർമാണം നടത്തുന്നത് നിയമവിരുദ്ധമായിരിക്കുകയാണ്. പുതുതായി ഫീസ് ഈടാക്കുന്പോൾ ഭൂമിയുടെ അടിസ്ഥാന വിലയുടെ അഞ്ച് മുതൽ മുകളിലേക്ക് ഈടാക്കാം എന്നുള്ള വ്യവസ്ഥ ജനങ്ങൾക്കുള്ള തുല്യനീതി നിഷേധിക്കലാണ്. ഭൂപതിവ് നിയമങ്ങളും ചട്ടങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിന് കേരള കോണ്ഗ്രസ് ജില്ലാ കമ്മിറ്റി പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.