വിശ്വാസികളുടെ സംഗമഭൂമിയായി ഇടുക്കി മരിയൻ തീർഥാടനം
1589574
Sunday, September 7, 2025 12:40 AM IST
രാജകുമാരി: മരിയൻ ഭക്തരുടെ സംഗമഭൂമിയായി രൂപതാ മരിയൻ തീർഥാടനം. രാജകുമാരി ദൈവമാതാ പള്ളിയിലെ എട്ടുനോമ്പാചരണത്തിന്റെയും പരിശുദ്ധ കന്യകമറിയത്തിന്റെ പിറവിത്തിരുനാളാഘോഷത്തിന്റെയും ഭാഗമായാണ് ഇടുക്കി രൂപത മരിയൻ തീർഥാടനം നടത്തിയത്.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് അടിമാലി സെന്റ് ജൂഡ് തീർഥാടന ദേവാലയത്തിൽനിന്ന് ആരംഭിച്ച തീർഥാടനത്തിൽ 15000ത്തോളം തീർഥാടകർ പങ്കെടുത്തു. രാത്രി 12ന് രാജാക്കാട് പള്ളിയിൽ സമാപിച്ചു.
രണ്ടാം ദിവസമായ ഇന്നലെ രാവിലെ 9.45ന് രാജാക്കാട് ക്രിസ്തുരാജാ ഫൊറോന ദേവാലയത്തിൽനിന്നാണ് രാജകുമാരി ദൈവമാതാ തീർഥാടന ദേവാലയത്തിലേക്ക് തീർഥാടനം നടത്തിയത്.
ഇടുക്കി ബിഷപ് മാർ ജോൺ നെല്ലിക്കുന്നേലിന്റെ നേതൃത്വത്തിൽ നടന്ന തീർഥാടനം രാജകുമാരിയിലെത്തിയപ്പോൾ സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിലും പങ്കുചേർന്നു.
വികാരി ജനറാൾമാരായ മോൺ. ജോസ് കരിവേലിക്കൽ, മോൺ. ഏബ്രാഹം പുറയാറ്റ്, രാജാക്കാട് ഫൊറോന വികാരി ഫാ. മാത്യു കരോട്ടുകൊച്ചറയ്ക്കൽ, വിവിധ ഫൊറോന വികാരിമാർ എന്നിവർ നേതൃത്വം നൽകി. രൂപതയിലെ മുഴുവൻ വൈദികരും സമർപ്പിതരും നൂറ്റൻപതിലേറെ ഇടവകകളിൽനിന്നുള്ള വിശ്വാസികളുമാണ് തീർഥാടനത്തിൽ അണിനിരന്നത്.
പതിനയ്യായിരത്തോളം വിശ്വാസികൾ തീർഥാടനത്തിൽ പങ്കെടുത്തു. വെള്ളിയാഴ്ച വരെയുണ്ടായിരുന്ന മഴയെത്തുടർന്ന് സംഘാടകർക്ക് ഏറെ ആശങ്കയുണ്ടായിരുന്നെങ്കിലും മഴ മാറിനിന്നതോടെ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ തീർഥാടനയാത്രയിൽ നാനാജാതി മതസ്ഥർ പങ്കെടുത്തെന്ന് മാർ ജോൺ നെല്ലിക്കുന്നേൽ പറഞ്ഞു.
തീർഥാടകരെ രാജാക്കാട് ടൗണിൽ മതസൗഹാർദ കൂട്ടായ്മ ഭാരവാഹികളുംഎൻആർ സിറ്റി, രാജകുമാരി എന്നിവിടങ്ങളിൽ എസ്എൻഡിപി, മർച്ചന്റ്സ്, വൈഎംസിഎ, യാക്കോബായ,ക്നാനായ പള്ളി കമ്മിറ്റി ഭാരവാഹികളും സ്വീകരിച്ചു.രാജാക്കാട്നിന്നുള്ള തീർഥാടന യാത്രയ്ക്ക് മുമ്പായി ചെമ്മണ്ണാറിൽനിന്നും മുരിക്കുംതൊട്ടിയിൽനിന്നും തീർഥാടന പദയാത്രകൾ രാജകുമാരി പള്ളിയിലെത്തി.
ജപമാല കൈയിലേന്തി പ്രാർഥനകളുമായാണ് വിശ്വാസികൾ തീർഥാടനത്തിൽ പങ്കെടുത്തത്. ഇടവക വികാരി മോൺ. ജോസ് നരിതൂക്കിലിന്റ നേതൃത്വത്തിൽ രാജകുമാരി പള്ളിയങ്കണത്തിൽ മരിയൻ തീർഥാടനത്തിന് സ്വീകരണം നൽകി.നിരവധിയായ വാഹനങ്ങളിൽ ക്രമീകരിച്ച ഫ്ലോട്ടുകളും റാലിയിൽ അണിനിരന്നിരുന്നു.
മതസൗഹാർദ കൂട്ടായ്മ തീർഥാടത്തിന് സ്വീകരണം നൽകി
രാജാക്കാട്: രാജാക്കാട് മത സൗഹാർദ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇടുക്കി രൂപത മരിയൻ തീർഥാടനത്തിന് സ്വീകരണം നൽകി. 2019 ൽ ഒന്നാം തീർഥാടനം നടന്നപ്പോൾ മുതൽ വികസന കൂട്ടായ്മ ഭാരവാഹികൾ ഇടുക്കി മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേലിന് സ്വീകരണം നൽകിയിരുന്നു.

രാജാക്കാട് പള്ളി വികാരി ഫാ. ജോബി വാഴയിൽ കൺവീനറായിട്ടാണ് ആറു വർഷങ്ങൾക്ക് മുമ്പ് രാജാക്കാട്ടെ എല്ലാ മതനേതാക്കളെയും മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികളെയും തൊഴിലാളി നേതാക്കളെയും കൂട്ടി രാജാക്കാട് വികസന കൂട്ടായ്മ എന്ന പേരിൽ മത സൗഹാർദ കൂട്ടായ്മയ്ക്ക് രൂപം നൽകിയത്.
തുടർന്ന് രാജാക്കാട് പള്ളിത്തിരുനാൾ, ക്ഷേത്രം ഉത്സവം, ഇഫ്താർ വിരുന്ന്, ക്രിസ്മസ് കരോൾ ഇവയെല്ലാം എല്ലാ മതസ്ഥരും വ്യാപാരികളും ഒന്നുചേർന്ന് നടത്തി സമൂഹത്തിന് മാതൃക കാട്ടിയിരുന്നു. അതിന്റെ ഭാഗമായാണ് അഞ്ചാം വർഷവും ഇടുക്കി രൂപത മരിയൻ തീർഥാടനത്തിന് സ്വീകരണമൊരുക്കിയത്.
റോഡിൽ ചുവപ്പ് പരവതാനി വിരിച്ച് പൂക്കൾ വിതറിയാണ് തീർഥാടകരെ വരവേറ്റത്. മതസൗഹാർദ കൂട്ടായ്മ ചെയർമാൻ എം.ബി. ശ്രീകുമാർ, കൺവീനർ ഫാ. മാത്യു കരോട്ടുകൊച്ചറയ്ക്കൽ, കോ-ഒാഡിനേറ്റർ വി.എസ്. ബിജു, ഇമാം മൻസൂർ ബാഖവി, കെ.എം. സുധീർ, പി.ബി. മുരളിധരൻനായർ, എം.ആർ. അനിൽകുമാർ, ജമാൽ ഇടശേരിക്കുടി, സജിമോൻ കോട്ടയ്ക്കൽ, വി.സി. ജോൺസൺ, അബ്ദുൾകലാം, സിബി കൊച്ചുവള്ളാട്ട്, കെ.ജി. മഹേഷ്, വി.വി. ബാബു, ജോഷി കന്യാക്കുഴി, ടൈറ്റസ് ജേക്കബ് എന്നിവർ ചേർന്ന് മരിയൻതീർഥാടന ക്യാപ്റ്റൻ മാർ ജോൺ നെല്ലിക്കുന്നേലിന് സ്വീകരണം നൽകി.
രാജാക്കാട്ട് വൈഎംസിഎ ഭാരവാഹികളും എൻആർ സിറ്റിയിൽ എസ്എൻഡി പി ഭാരവാഹികളും സെന്റ്് മേരീസ് ക്നാനായ പള്ളി ഭാരവാഹികളും മർച്ചന്റ്്സ് അസോസിയേഷൻ ഭാരവാഹികളും രാജകുമാരിയിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളും രാജകുമാരി ഗലീലക്കുന്ന് യാക്കോബായ പള്ളി ഭാരവാഹികളും രാജകുമാരി വൈഎംസിഎ ഭാരവാഹികളും തീർഥാടനത്തിന് സ്വീകരണം നൽകി.
പ്രേഷിതപ്രവർത്തനം ഈശോയിലേക്ക് നയിക്കുന്നതാകണം: റവ. ഡോ. ജോസഫ് വെള്ളമറ്റം
ഉപ്പുതറ: പ്രേഷിത പ്രവർത്തനം ഈശോയിലേക്ക് നയിക്കുന്നതാകണമെന്ന് രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് റവ.ഡോ. ജോസഫ് വെള്ളമറ്റം. ഉപ്പുതറയിൽ നടത്തിയ കാഞ്ഞിരപ്പള്ളി രൂപത വിശ്വാസജീവിതപരിശീലനത്തിന്റെ ഭാഗമായി ഹൈറേഞ്ച് മേഖല മരിയൻ തീർഥാടനത്തിൽ സന്ദേശം നൽകുകയായിരുന്നു റവ. ഡോ. ജോസഫ് വെള്ളമറ്റം. പരിശുദ്ധ അമ്മ ജീവിതം കൊണ്ടും പ്രവൃത്തി കൊണ്ടും എല്ലാവരേയും ഈശോയിലേക്ക് ആനയിച്ചു. എല്ലാ കാര്യങ്ങളിലും ദൈവഹിതം ദർശിച്ച പരിശുദ്ധ അമ്മയുടെ മാതൃക അനുകരണാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹൈറേഞ്ച് മേഖലയിൽ വിശ്വാസപരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒമ്പതാം ക്ലാസ് വിദ്യാർഥികൾക്കായി ഒരുക്കിയ തീർഥാടനം രാവിലെ 9.30ന് യൂദാ തദേവൂസ് കപ്പേളയിൽനിന്നു ഉപ്പുതറ ഫൊറോന വികാരി ഫാ. ഡൊമിനിക് കാഞ്ഞിരത്തിനാൽ ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് ജപമാല പ്രാർഥനയോടുകൂടി മരിയൻ റാലി ഉപ്പുതറ സെന്റ് മേരീസ് പള്ളിയിലേക്ക് നടത്തി.
മരിയൻ തീർഥാടനത്തിന് രൂപത വിശ്വാസജീവിതപരിശീലന കേന്ദ്ര ഡയറക്ടർ ഫാ. തോമസ് വാളന്മനാൽ, മിഷൻ ലീഗ് അസിസ്റ്റന്റ് ഡയറക്ടർ ഫാ. ബോബി വേലിക്കകത്ത്, രൂപത എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.
ആനിക്കുഴിക്കാട്ടിൽ പിതാവിനെ അനുസ്മരിച്ച് വലിയ ഇടയൻ
അഞ്ചാമത് ഇടുക്കി രൂപത മരിയൻ തീർഥാടനത്തിൽ മാർ മാത്യു ആനക്കുഴിക്കാട്ടിലിനെ സീറോ മലബാർ സഭയുടെ തലവൻ മാർ റാഫേൽ തട്ടിൽ വൈകാരികമായി അനുസ്മരിച്ചു. കോതമംഗലം രൂപത വിഭജിച്ച് ഇടുക്കി രൂപത ആരംഭിച്ചപ്പോൾ ഈ രൂപതയ്ക്കും പറയാനുണ്ടായിരുന്നത് പരാധീനതകളുടെ കഥകളാണ്.
യൗവനത്തിലേക്ക് കാലൂന്നിയ ഈ രൂപതയെ നാം ഇന്ന് കാണുന്ന അവസ്ഥയിലേക്ക് വളർത്തുവാൻ വലിയ പങ്കു വഹിച്ച വ്യക്തിത്വമാണ് രൂപതയുടെ പ്രഥമ മെത്രാനായ മാർ മാത്യു ആനക്കുഴിക്കാട്ടിൽ. ഇവിടത്തെ സാധാരണക്കാരന്റെ ദുരിതങ്ങൾക്ക് പരിഹാരം കാണാൻ ഇവിടത്തെ കുടുംബങ്ങളെ ഭദ്രമാക്കാൻ അദ്ദേഹത്തിന് സാധ്യമായ പ്രവർത്തനങ്ങൾ എല്ലാം നിർവഹിച്ചിട്ടുണ്ട്. അതുപോലെതന്നെ പൂർവികരായ പഴയ തലമുറയുടെ കഠിനാധ്വാനവും നിസ്വാർഥമായ ശുശ്രൂഷകളുമാണ് ഈ നാടിനെ വളർച്ചയുടെ കുതിപ്പിലേക്ക് കൈപിടിച്ചുയർത്തിയത്. മാർ മാത്യു ആനിക്കുഴിക്കാട്ടിൽ പിതാവിന്റെയും പൂർവികരായ പഴയ തലമുറയുടെയും ദീപ്തമായ ഓർമകൾക്ക് മുന്പിൽ സീറോ മലബാർ സഭയുടെ പ്രണാമം അർപ്പിക്കുന്നുവെന്ന് മാർ റാഫേൽ തട്ടിൽ പറഞ്ഞു.
കുടിയേറ്റജനത വിശ്വാസത്തിന്റെ സൂക്ഷിപ്പുകാർ: മാർ റാഫേൽ തട്ടിൽ
രാജാക്കാട്: പഴമക്കാരുടെ ജീവിത സുകൃതങ്ങളെയും വിശ്വാസബോധ്യങ്ങളെയും നാം നന്ദിയോടെ അനുസ്മരിക്കണമെന്ന് സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ. കുടിയേറ്റ ജനതയുടെ കരുത്തുള്ള വിശ്വാസത്തിൽ പടുത്തുയർത്തപ്പെട്ട നാടാണ് ഇടുക്കി എന്നും അദ്ദേഹം പറഞ്ഞു. കുടിയേറ്റ കാലത്തെ കഷ്ടതകളുടെ നാളുകളിൽ ജീവിതത്തോട് ചേർത്തുപിടിച്ച വിശ്വാസമാണ് ഈ നാടിനെ നാം ഇന്ന് അനുഭവിക്കുന്ന വിധത്തിലേക്ക് എത്തിച്ചത്.

തീർഥാടനം രാജകുമാരി ദേവാലയത്തിൽ എത്തിച്ചേർന്നപ്പോൾ വിശുദ്ധ കുർബാനയ്ക്ക് മുഖ്യകാർമി കത്വം വഹിച്ച് പ്രസംഗിക്കുക യായിരുന്നു അദ്ദേഹം. മലയോര പ്രദേശത്ത് നടത്തുന്ന ഈ സുദീർഘമായ തീർഥാടനം പഴമക്കാർ പകർന്നു നൽകിയ കരുത്തുള്ള വിശ്വാസത്തിന്റെ പരസ്യമായ പ്രകടനം ആണെന്നും അദ്ദേഹം പറഞ്ഞു.
രൂപത വികാരി ജനറാൾമാരായ മോണ്. ജോസ് കരിവേലിക്കൽ, മോണ്. ഏബ്രാഹം പുറയാറ്റ്, മോണ്. ജോസ് നരിതൂക്കിൽ, ഫാ. മാത്യു കരോട്ട്കൊച്ചറയ്ക്കൽ, ഫാ. മാർട്ടിൻ പൊൻപനാൽ, ഫാ. ജിൻസ് കാരയ്ക്കാട്ട്, ഫാ. ജോസഫ് മാതാളികുന്നേൽ, ജോർജ് കോയിക്കൽ, സാം സണ്ണി, സെസിൽ ജോസ് എന്നവർ നേതൃത്വം നൽകി.