അധ്യാപകനെതിരേ വ്യാജപരാതി: കുറ്റക്കാർക്കെതിരേ നടപടി വേണം
1589020
Wednesday, September 3, 2025 11:02 PM IST
തൊടുപുഴ: കോപ്പിയടി പിടികൂടിയ അധ്യാപകനെതിരേ വ്യാജ പീഡന പരാതി നൽകിയവർക്കും അതിന് പ്രേരിപ്പിച്ചവർക്കും എതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഗവ. കോളജ് ടീച്ചേഴ്സ് ഓർഗനൈസേഷൻ ആവശ്യപ്പെട്ടു.
മൂന്നാർ ഗവ.കോളജിലെ അധ്യാപകനായിരുന്ന ആനന്ദ് വിശ്വനാഥിനെതിരേയുള്ള ലൈംഗിക പീഡന പരാതി വ്യാജമാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
കോളജിലെ ജിസിടിഒ യുടെ ഭാരവാഹിയായിരുന്ന ആനന്ദ് വിശ്വനാഥനെ അപകീർത്തിപ്പെടുത്തുന്നതിൽ ഗൂഢാലോചന നടന്നിട്ടുണ്ട്.
അത്തരം ഗൂഢാലോചനയിൽ പങ്കെടുത്തവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും തടഞ്ഞുവച്ചിരിക്കുന്ന എല്ലാ ആനുകൂല്യങ്ങളും അദ്ദേഹത്തിന് ഉടനടി നൽകണമെന്നും സംഘടന ആവശ്യപ്പെട്ടു. കലാലയങ്ങളിൽ അനീതിക്കെതിരേ ശബ്ദമുയർത്തുന്ന അധ്യാപകരെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമം വർധിച്ചുവരുന്നു.
ഇത്തരം പ്രവണതകൾ ഒരു കാരണവശാലും പ്രോത്സാഹിപ്പിക്കപ്പെടാൻ പാടില്ലെന്നും പ്രസിഡന്റ് ഡോ.പി.പി. ജാഫർ സാദിഖ്, സെക്രട്ടറി എബിൻ ടി.മാത്യൂസ് എന്നിവർ പറഞ്ഞു.