ഇടമലക്കുടിയുടെ ദുരിതം അവസാനിക്കുന്നില്ല; രോഗിയെ ആശുപത്രിയിൽ എത്തിച്ചത് കാട്ടിലൂടെ ചുമന്ന്
1589570
Sunday, September 7, 2025 12:40 AM IST
മൂന്നാർ: റോഡില്ലാത്തതു മൂലം ഇടമലക്കുടിയിൽനിന്നു രോഗിയെ ആശുപത്രിയിൽ എത്തിച്ചത് നാലു കിലോമീറ്റർ ചുമന്ന്. ഇടമലക്കുടി കൂടല്ലാർകുടി സ്വദേശിയായ രാജകണ്ണിയെ (60) ആണ് ആദിവാസികൾ ചുമന്ന് ആശുപത്രിയിൽ എത്തിച്ചത്. ദുർഘടമായ കാനനപാതയിലൂടെ നാട്ടുകാർ മാറിമാറി ചുമന്നാണ് ആനക്കുളത്ത് എത്തിക്കുകയും അവിടെനിന്നു മാങ്കുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.
രണ്ടു ദിവസമായി പനിയും ഛർദ്ദിയും ഉണ്ടായിരുന്നു. ശനിയാഴ്ച രാവിലെ ശ്വാസംമുട്ടലിനെത്തുടർന്ന് അവശനിലയിൽ ആയതോടെയാണ് നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചത്.
ഓഗസ്റ്റ് 24ന് സമാനമായ സാഹചര്യത്തിൽ കുടല്ലാർ ആദിവാസി കുടി സ്വദേശികളായ മൂർത്തി - ഉഷ ദന്പതികളുടെ അഞ്ചുവയസുകാരൻ മകൻ കാർത്തി മരിച്ചിരുന്നു.
കാർത്തിയുടെ മുത്തശിയാണ് രാജകണ്ണി. ഇടമലക്കുടിയിലെ എത്തിച്ചേരുവാൻ വളരെ പ്രയാസമുള്ള കുടികളിൽ ഒന്നാണ് കൂടല്ലാർകുടി. ഉൾവനത്തിലുള്ള ദുർഘട പ്രദേശമായതിനാൽ പെട്ടെന്ന് എത്തിപ്പെടാനാവാത്ത കുടിയിൽനിന്നു പുറത്ത് പെട്ടെന്ന് എത്തിപ്പെടാൻ സാധിക്കുന്ന വഴിയാണ് മാങ്കുളം. കൃത്യസമയത്ത് ചികിത്സ നൽകാവാനാത്തതു മൂലം നവജാത ശിശുക്കൾ മരിച്ച സംഭവം ഉണ്ടായിരുന്നു.