പുതിയ ചട്ടരൂപീകരണം ഇടുക്കിക്ക് പുതിയ മുഖം നൽകും: മന്ത്രി റോഷി അഗസ്റ്റിൻ
1589023
Wednesday, September 3, 2025 11:02 PM IST
ചെറുതോണി: പട്ടയഭൂമിയിലെ നിർമാണവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന അനിശ്ചിതാവസ്ഥയ്ക്ക് പരിഹാരം കാണുന്നതാണ് പുതിയ ചട്ട രൂപീകരിച്ചതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. നിലവിലെ നിർമാണങ്ങളെ ക്രമവത്കരിക്കുന്നതിനോടൊപ്പം പുതിയ നിർമാണങ്ങൾക്കായുള്ള ചട്ടവും രൂപീകരിക്കും.
ഇതിലൂടെ നിർമാണ മേഖലയിൽ നിലനിൽക്കുന്ന അനിശ്ചിതാവസ്ഥ പരിഹരിക്കുമെന്നും ജില്ലയ്ക്ക് വികസനത്തിന്റെ പുതിയ മുഖം കൈവരുമെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു.
കേരള കോണ്ഗ്രസ്-എം വാഴത്തോപ്പ് മണ്ഡലം കണ്വൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
വാഹനാപകടത്തിൽ അംഗവൈകല്യം സംഭവിച്ചിട്ടും മനക്കരുത്തിലൂടെ സ്വന്തം ജീവിതം മുന്നോട്ട് നയിച്ച ലാലു മുണ്ടനാനിയിൽ അതിജീവനത്തിനത്തിനുള്ള മാതൃകയാണെന്ന് പാർട്ടി മണ്ഡലം കമ്മിറ്റി ഏർപ്പെടുത്തിയ ശ്രേഷ്ഠ കർമ പുരസ്കാരം നേടിയ ലാലുവിനെ അഭിനന്ദിച്ച് മന്ത്രി പറഞ്ഞു.
പാർട്ടിയിലെ മുതിർന്ന നേതാക്കളെയും വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെയും വാഴത്തോപ്പിലെ മികച്ച കർഷകരെയും യോഗത്തിൽ അഭിനന്ദിച്ചു.
മണ്ഡലം പ്രസിഡന്റ് ജേക്കബ് പിണക്കാട്ട് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റും പാർട്ടി ജില്ലാ ജനറൽ സെക്രട്ടറിയുമായ രാരിച്ചൻ നീറണാക്കുന്നേൽ,ഷാജി കാഞ്ഞമല,ജോസ് കുഴികണ്ടം,കെ. എൻ. മുരളി,ഷിജോ തടത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.