നഷ്ടപരിഹാരം നൽകിയില്ല; മിനി സിവിൽ സ്റ്റേഷൻ ജപ്തി ചെയ്തു
1589022
Wednesday, September 3, 2025 11:02 PM IST
തൊടുപുഴ: ലാൻഡ് അക്വിസിഷൻ കേസിൽ വിധി പ്രകാരമുള്ള നഷ്ട പരിഹാരത്തുക നൽകാത്തതിന് തൊടുപുഴ മിനി സിവിൽ സ്റ്റേഷൻ ജപ്തി ചെയ്തു. അരിക്കുഴ പൂവത്തുകുന്നേൽ ഭാരതിയുടെ (90) ഉടമസ്ഥതയിലുള്ള വസ്തുവും അതിലുള്ള വീടിന്റെ മുൻഭാഗം ഉൾപ്പെടെയുള്ള വസ്തുക്കൾ തൊടുപുഴ - രാമമംഗലം റോഡിന് വീതി കൂട്ടുന്നതിനായി പൊന്നുംവിലയ്ക്ക് ഏറ്റെടുത്തിരുന്നു. എന്നാൽ ഈ വസ്തുവിന് സർക്കാർ നിശ്ചയിച്ച വില കുറഞ്ഞു പോയെന്ന് കാട്ടി ഉടമ സബ് കോടതിയിൽ കേസ് ഫയൽ ചെയ്തു. ഇതേത്തുടർന്ന് 2022 ജൂലൈ 30ന് നഷ്ടപരിഹാരത്തുക കൂട്ടി വിധി വന്നു. എന്നാൽ ഈ തുക വാദിക്ക് നൽകിയില്ല.
വിധിപ്രകാരം 27 ലക്ഷം രൂപയോളം നഷ്ട പരിഹാരമായി ലഭിക്കാനുണ്ട്. ഇത് ഈടാക്കുന്നതിനായാണ് സിവിൽ സ്റ്റേഷൻ തൊടുപുഴ സബ് കോടതി ഉത്തരവ് പ്രകാരം ജപ്തി ചെയ്തത്. വാദിക്കു വേണ്ടി അഡ്വ. ജോർളി കുര്യൻ ഹാജരായി.