ഷോപ്പിംഗ് കോംപ്ലക്സ് കടമുറികളുടെ താക്കോൽദാനം ഇന്ന്
1589573
Sunday, September 7, 2025 12:40 AM IST
തൊടുപുഴ: നഗരസഭയുടെ മങ്ങാട്ടുകവലയിലുള്ള ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സിലെ കടമുറികളുടെ പ്രവർത്തനോദ്ഘാടനവും താക്കോൽദാനവും ഇന്നു രാവിലെ 10ന് നടക്കും.
പി.ജെ. ജോസഫ് എംഎൽഎ താക്കോൽദാനവും നിർവഹിക്കും. മുനിസിപ്പൽ ചെയർമാൻ കെ. ദീപക് അധ്യക്ഷത വഹിക്കും. ഹാരീസ് ബീരാൻ എംപി മുഖ്യാതിഥിയായിരിക്കും. നഗരസഭാ സ്ഥിരം അധ്യക്ഷൻമാർ, കൗണ്സിലർമാർ, വിവിധ കക്ഷി നേതാക്കൾ, വ്യാപാരി വ്യവസായികൾ, ബസ് ഓണേഴ്സ് അസോസിയേഷൻ, റെസിഡന്റ് അസോസിയേഷൻ പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.
ഗ്രൗണ്ട് ഫ്ളോറിൽ 43, ഒന്നാം നില-41, രണ്ടാം നില -40 എന്നി ക്രമത്തിൽ 125 മുറികളാണ് പൂർത്തീകരിച്ചിട്ടുള്ളത്. കിഴക്കൻ മേഖലയുടെ വികസനത്തിന് വഴിയൊരുക്കുന്നതാണ് ഷോപ്പിംഗ് കോംപ്ലക്സ് സമുച്ചയം.
താലൂക്ക് ആശുപത്രി, ആയുർവേദ ആശുപത്രി, മൃഗാശുപത്രി,കോളജ് എന്നിങ്ങനെ പ്രധാനപ്പെട്ട നിരവധി സ്ഥാപനങ്ങൾ ഇതിനു സമീപത്തായി പ്രവർത്തിക്കുന്നുണ്ട്.
ആറുവർഷം മുന്പ് നിർമാണം പൂർത്തീകരിച്ച ഷോപ്പിംഗ് കോംപ്ലക്സ് സാങ്കേതിക കാരണങ്ങളാലാണ് ഉദ്ഘാടനം നടന്നിട്ടും തുറന്നുനൽകാൻ കഴിയാതിരുന്നത്.ഫയർ എൻഒസി, 30,000 ലിറ്റർ സംഭരണ ശേഷിയുള്ള വാട്ടർ ടാങ്ക് എന്നിവ പൂർത്തിയാക്കാതിരുന്നതുമൂലമാണ് അനുമതി തടസപ്പെട്ടിരുന്നത്. ഇതു രണ്ടും പൂർത്തിയാക്കിയതോടെയാണ് ഷോപ്പിംഗ് കോംപ്ലക്സ് തുറന്നുപ്രവർത്തിക്കാനായത്.
കെയുആർഡിസിയിൽനിന്നു 9.90 കോടി വായ്പയെടുത്താണ് നിർമാണം പൂർത്തീകരിച്ചത്.
നഗരസഭയുടെ 10 ശതമാനം തനതുഫണ്ടും നിർമാണത്തിനായി ചെലവഴിച്ചു. എന്നാൽ 10 കോടിയിൽ താഴെ മാത്രമാണ് നിർമാണത്തിനായി ചെലവഴിക്കേണ്ടി വന്നത്.
വായ്പ തുക രണ്ടുവർഷത്തിനുള്ളിൽ പൂർണമായും തിരിച്ചടയ്ക്കുകയും ചെയ്തിരുന്നു. പത്രസമ്മേളനത്തിൽ നഗരസഭാ ചെയർമാൻ കെ. ദീപക്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എം.എ. കരിം, സനു കൃഷ്ണൻ, പി.ജി. രാജശേഖരൻ എന്നിവർ പങ്കെടുത്തു.