തലചായ്ക്കാൻ ഇടമില്ലാത്തവർക്ക് ഇനി സ്വപ്നവീട്
1589827
Sunday, September 7, 2025 11:31 PM IST
തൊടുപുഴ: ഈസ്റ്റ് വിജ്ഞാന മാതാ വിൻസെന്റ് ഡിപോൾ കോണ്‍ഫറൻസിന്റെ നേതൃത്വത്തിൽ സ്വന്തമായി ഭവനമില്ലാത്ത 12 കുടുംബങ്ങൾക്ക് സ്വപ്നവീടൊരുക്കുന്ന പ്രവർത്തനങ്ങൾക്ക് തിരുവോണദിനത്തിൽ തുടക്കമായി.
സ്വന്തമായി വീടും സ്ഥലവും ഇല്ലാത്തവരും സാന്പത്തികമായി പിന്നാക്കം നിൽക്കുന്നവരും രോഗത്താൽ വലയുന്നവരുമായ വനിതകൾ, വിധവകൾ എന്നിവരെയുമാണ് ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നാലു സെന്റ് സ്ഥലത്ത് 500 ചതുരശ്രയടി വീതമുള്ള 12 വീടുകൾ നിർമിക്കാനുള്ള പദ്ധതിക്കാണ് തുടക്കം കുറിച്ചത്.
കുമാരമംഗലം പഞ്ചായത്തിലെ ഏഴല്ലൂരിലാണ് പദ്ധതി നടപ്പാക്കുന്നത്. സുമനസുകൾ സംഭാവന ചെയ്ത 60 സെന്റ് സ്ഥലത്താണ് വീടുകൾ ഒരുങ്ങുന്നത്. വീടുകളുടെ ശിലാസ്ഥാനം കോതമംഗലം രൂപത വികാരി ജനറാൾ മോണ്‍. വിൻസെന്റ് നെടുങ്ങാട്ട് നിർവഹിച്ചു. വിജ്ഞാന മാതാ വിൻസെന്റ് ഡിപോൾ കോണ്‍ഫറൻസ് പ്രസിഡന്റ് കെ.കെ. ആന്റണി കോറോത്ത് അധ്യക്ഷത വഹിച്ചു. പ്രോജക്ട് ഷെൽട്ടർ ഡയറക്ടർ റവ. ഡോ. ജോർജ് കണ്ണന്താനം മുഖ്യ പ്രഭാഷണം നടത്തി.
വിജ്ഞാനമാതാ പള്ളി വികാരി ഫാ. തോമസ് വിലങ്ങുപാറയിൽ, സെന്റ് വിൻസെന്റ് ഡിപോൾ സൊസൈറ്റി സി.സി. പ്രസിഡന്റ് ബേബി ജോസഫ് തെക്കേചെരുവിൽ, സെന്റ് വിൻസെന്റ് ഡി പോൾ എ.സി. പ്രസിഡന്റ് മൈക്കിൾ പ്ലാത്തോട്ടം, പഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി തോമസ്, പഞ്ചായത്തംഗങ്ങളായ സാജൻ ചിമ്മിനിക്കാട്ട്, സജി ചെന്പകശേരിൽ, ഡോ. പി.സി. ജോർജ്, പ്രഫ. ജോണ്സണ് നെടുന്പുറം എന്നിവർ പ്രസംഗിച്ചു.