ഇതര സംസ്ഥാന തൊഴിലാളി രജിസ്ട്രേഷൻ: രജിസ്റ്റർ ചെയ്തവരോട് പണം ആവശ്യപ്പെടുന്നതായി പരാതി
1373778
Monday, November 27, 2023 2:17 AM IST
ചെറായി: സർക്കാർ നിർദേശം അനുസരിച്ച് മുനമ്പം പോലീസ് സ്റ്റേഷനിൽ ഇതര സംസ്ഥാന തൊഴിലാളികളെ രജിസ്റ്റർ ചെയ്ത തൊഴിലുടമകളിൽനിന്ന് സ്വകാര്യ ഐടി സേവന കേന്ദ്രം നടത്തിപ്പുകാർ ഫോണിൽ വിളിച്ച് പണം ആവശ്യപ്പെടുന്നതായി പരാതി.
തൊഴിലാളികളുടെ വിവരശേഖരണ ഫോറം പൂരിപ്പിച്ച് തിരിച്ചറിയൽ രേഖയും ഫോട്ടോയും സഹിതം മുനമ്പം പോലീസ് സ്റ്റേഷനിൽ സമർപ്പിച്ച തൊഴിലുടമകളോട് രജിസ്ട്രേഷൻ ഫീസ് ഇനത്തിൽ ഒരാൾക്ക് 100 രൂപ വീതമാണത്രേ ഐടി സേവന കേന്ദ്രം ആവശ്യപ്പെടുന്നത്. നൂറ് തൊഴിലാളികൾ ഉള്ള ചില തൊഴിലുടമകളിൽ നിന്ന് 10,000 രൂപ വരെ വാങ്ങിയതായി ആക്ഷേപമുണ്ട്. സമീപ പോലീസ് സ്റ്റേഷനുകളിൽ പോലീസുകാർ തന്നെ ചെയ്യുന്ന ഈ സേവനത്തിന് പണം നൽകേണ്ടതില്ല. മുനമ്പത്ത് മാത്രമാണ് ഇങ്ങിനെ. ഈ സാഹചര്യത്തിൽ പോലീസും ഐടി സേവന കേന്ദ്രവും തമ്മിലുള്ള ഒത്തുകളിയാണിതെന്നും ആരോപണമുയർന്നിട്ടുണ്ട്.
പോലീസ് സ്റ്റേഷനിൽ ഇതര സംസ്ഥാന തൊഴിലാളി രജിസ്ടേഷൻ നടത്തുന്നതിന് സ്വകാര്യ സ്ഥാപനത്തിൽ പണം അടക്കുന്നതെന്തിനെന്ന ചോദ്യത്തിന് പോലീസിനും വ്യക്തമായ മറുപടി ഇല്ല. മാത്രമല്ല മുനമ്പം പോലീസ് സ്റ്റേഷനിൽ മാത്രം രജിസ്റ്റർ ചെയ്ത ഇതര സംസ്ഥാന തൊഴിലാളികൾക്ക് യാതൊരു രേഖയും നൽകുന്നില്ലെന്നും ആക്ഷേപമുണ്ട്. ഇതുമൂലം രജിസ്റ്റർ ചെയ്തവരെയും അല്ലാത്തവരെയും തിരിച്ചറിയാൻ കഴിയാത്ത സ്ഥിതിയാണ്. സമീപ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തവർക്ക് രജിസ്ട്രേഷൻ സ്ലിപ് നൽകുന്നുണ്ടെന്നും പരാതിക്കാർ ചൂണ്ടിക്കാട്ടുന്നു.