സിഎസ്എംഎല്ലിനുള്ള 91 കോടിയുടെ അജണ്ട മടക്കി ധനകാര്യ കമ്മിറ്റി
1535586
Sunday, March 23, 2025 4:11 AM IST
കൊച്ചി: നഗരസഭയ്ക്കായി കൊച്ചി സ്മാര്‍ട്ട് മിഷന് ലിമിറ്റഡ് (സിഎസ്എംഎൽ) നിര്‍മിച്ച മാര്‍ക്കറ്റ് കെട്ടിടത്തിന്റെ നടത്തിപ്പിനും അറ്റകുറ്റപ്പണികള്‍ക്കുമായി സിഎസ്എംഎല്ലിന് 91.23 കോടി നല്കാന് മേയര്‍ അനുമതി നല്കിയ ഫയല്‍ മടക്കി ഡെപ്യൂട്ടി മേയര്‍ ചെയര്‍പേഴ്സണായുള്ള ഫിനാന്‍സ് കമ്മിറ്റി. ഓപ്പറേഷന് ആന്‍ഡ് മെയിന്റനന്‍സിന് സിഎസ്എംഎല്ലുമായി കരാറുള്ള നിലയ്ക്ക് പ്രത്യേകമായി പണം നല്‍കുന്നത് എന്തിനെന്ന് ചൂണ്ടിക്കാട്ടിയാണ് അജണ്ട മടക്കിയത്.
പുതിയ മാര്‍ക്കറ്റ് നിര്‍മാണത്തിനായി വ്യാപാരികളെ പുനരധിവസിപ്പിക്കുന്നതിനായി സ്ഥലം വാടകയ്ക്കെടുത്ത വകയില്‍ മൂന്ന് കോടി സിഎസ്എംഎല്‍ ആവശ്യപ്പെട്ടിരുന്നു. ഇതുള്‍പ്പെടെ മാര്‍ക്കറ്റിന്റെ നവികരണ പ്രവര്‍ത്തനത്തിന് ആവശ്യമായ എല്ലാ തുകയും നല്‍കാമെന്ന് ഹൈക്കോടതിയും ഉത്തരവിട്ടിട്ടുള്ളതാണ്.
ഇതിനു പുറമേ 91 കോടി ആവശ്യപ്പെടുന്നത് എന്തിനാണെന്ന് കമ്മിറ്റിയില്‍ ചോദ്യമുയര്‍ന്നു. സിഎസ്എംഎല്‍ ഏജന്‍സികളുമായി വെച്ചിട്ടുള്ള കരാറുകള്‍ ഒന്നുമില്ലാതെ ഒരു കത്തു മാത്രമായിട്ടാണ് അജണ്ട വന്നിട്ടുള്ളതെന്നും കരാറില്‍ എന്താണ് പറഞ്ഞിട്ടുള്ളതെന്ന് അറിയാതെ അജണ്ടയുമായി മുന്നോട്ടു പോകാന്‍ കഴിയില്ലെന്നും ധനകാര്യ കമ്മിറ്റി തീരുമാനമെടുത്തു.