കളമശേരിയില്‍ കൗണ്‍സിലര്‍മാരും ട്രാഫിക് പോലീസും തമ്മില്‍ വാക്കേറ്റം
1582470
Saturday, August 9, 2025 4:33 AM IST
കളമശേരി: റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ക്ക് പിഴ ചുമത്തിയതുമായി ബന്ധപ്പെട്ട് കളമശേരിയിൽ കൗണ്‍സിലര്‍മാരും ഇടപ്പള്ളി ട്രാഫിക് പോലീസും തമ്മില്‍ വാക്കേറ്റം.
എച്ച്എംടി റോഡരികില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തതിന് പോലീസ് പിഴ ചുമത്തുന്നത് വ്യാപാരികളും കൗണ്‍സിലര്‍മാരും ചേര്‍ന്ന് ചോദ്യം ചെയ്തതാണ് വാക്കേറ്റത്തിന് വഴിവച്ചത്.
എച്ച്എംടി ജംഗ്ഷന് മുതല്‍ ഐടിഐക്ക് സമീപം വരെ റോഡരികില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്ക് ഇടപ്പള്ളി ട്രാഫിക് സിഐ എം.പി. സാഗറിന്റെ നേതൃത്വത്തില്‍ പിഴയിട്ടു വരുന്നതിനിടെയാണ് എതിര്‍പ്പ് തുടങ്ങിയത്.
സ്ഥാപനങ്ങളിലും കച്ചവട സ്ഥാപനങ്ങളിലും എത്തുന്നവര്‍ക്ക് വരെ പിഴ ഇടാന്‍ തുടങ്ങിയതോടെ വ്യാപാരികള്‍ ഇക്കാര്യം എച്ച്എംടി കൗണ്‍സിലര്‍ നഷീദ സലാമിനെയും, പൈപ്പ് ലൈന്‍ കൗണ്‍സിലര്‍ ബഷീര്‍ അയ്യമ്പ്രാത്തിനെയും അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ സ്ഥലത്തെത്തി സിഐയുമായി ചര്‍ച്ച നടത്തി.
എന്നാല്‍ ട്രാഫിക് സിഐ ക്ഷുഭിതനായി ചര്‍ച്ചയ്ക്ക് തയാറാകാതെ പോയതിനെ തുടര്‍ന്ന് കൗണ്‍സിലന്മാരുടെ നേതൃത്വത്തില്‍ തടയുകയും വാക്കേറ്റമുണ്ടാകുകയുമായിരുന്നു.
എതിര്‍പ്പ് ശക്തമായതോടെ പിന്നീട് പോലീസ് മടങ്ങി. എന്നാല്‍ നടപടി തുരുമെന്നാണ് ട്രാഫിക് പോലീസ് പറയുന്നത്. രേഖാമൂലമല്ലാതെ നിരവധി പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും പോലീസ് പറഞ്ഞു. കച്ചവട സ്ഥാപനങ്ങളിലേക്കെത്തുന്നവരുടെ വാഹനങ്ങള്‍ക്കും പിഴ ഈടാക്കുന്നതിനാല്‍ ആളുകളുടെ വരവ് കുറഞ്ഞുവെന്ന് വ്യാപാരികള്‍ പറഞ്ഞു.