പിറവത്ത് പുതിയ ഗതാഗത പരിഷ്കരണം
1582475
Saturday, August 9, 2025 4:33 AM IST
പിറവം: പിറവം നഗരസഭയിൽ ഗതാഗത ഉപദേശക സമിതി യോഗം ചേർന്ന് ടൗണിലെ ഗതാഗത സംവിധാനങ്ങൾ പരിഷ്കരിച്ചുള്ള നിർദേശങ്ങൾ നടപ്പിലാക്കും. കിഴക്കൻ മേഖലയിൽനിന്നും വരുന്ന വാഹനങ്ങൾ ടൗണിൽ എംഎൽഎ റോഡിലേക്ക് പ്രവേശിക്കുന്നത് ബോർഡ് സ്ഥാപിച്ച തടയാനും ടൗണിൽ നേരത്തെ സ്ഥാപിച്ച സൈൻ ബോർഡുകൾ പുനസ്ഥാപിക്കാനും തീരുമാനിച്ചു.
താലൂക്ക് ആശുപത്രിക്ക് മുന്നിലെ പൊളിഞ്ഞു വീഴാറായ ബസ് കാത്തിരിപ്പ് കേന്ദ്രം നീക്കംചെയ്ത് കുന്നേപ്പള്ളി കുരിശിന് എതിർവശം നിർമിച്ചിരിക്കുന്ന മുന്നിലേക്ക് ബസ് സ്റ്റോപ്പ് മാറ്റും. പ്രൈവറ്റ് സ്റ്റാൻഡിൽനിന്നും ബസുകൾ പുറപ്പെടുന്നതിനു മുമ്പ് സ്റ്റാൻഡിൽ വട്ടം പാർക്ക് ചെയ്യാതെ കടന്നുപോകണമെന്ന് യോഗം നിർദേശിച്ചു.
ടൗണിലെ പുതിയ വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിലെ പാർക്കിംഗ് പൂർണമായും തടയും. ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് ഇത് സംബന്ധിച്ചു നോട്ടീസ് നൽകാൻ തീരുമാനിച്ചു. നഗരസഭ ചെയർപേഴ്സൺ ജൂലി സാബു, വൈസ് ചെയർമാൻ കെ.പി. സലിം, സെക്രട്ടറി പ്രകാശ് കുമാർ, പോലീസ്, ഗതാഗത, വൈദ്യുതി വകുപ്പ് അധികൃതർ എന്നിവർ പങ്കെടുത്തു.